കൊളംബോ: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള ശുപാര്‍ശയുമായി ശ്രീലങ്കന്‍ പാര്‍ലമെന്റ്. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി കാര്യസമിതിയാണ് പാര്‍ലമെന്റില്‍ ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. മതത്തിന്റെയോ പ്രത്യേക വിശ്വാസത്തിന്റെ ജനസമൂഹത്തിന്റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കാനും അവരുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ശുപാര്‍ശയുണ്ട്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമിതിയുടെ ശുപാര്‍ശ. വ്യാഴാഴ്ചയാണ് സമിതി ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വച്ചത്. എംപിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലാണ് സമിതി.
ബുര്‍ഖ നിരോധിച്ച നിരവധി രാജ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് മുഖം മറച്ച് പ്രത്യക്ഷപ്പെട്ടാല്‍ ആളെ തിരിച്ചറിയാനാകുന്ന തരത്തില്‍ മുഖാവരണം മാറ്റാന്‍ പൊലീസിന് അധികാരം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. അനുസരിച്ചില്ലെങ്കില്‍ ഉടനടി പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കണം. അതിന് വാറണ്ട് വാങ്ങേണ്ടതില്ല – എന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന ശുപാര്‍ശ.
മതാടിസ്ഥാനത്തിലോ, ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാര്‍ട്ടികളെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ശുപാര്‍ശയിലൂടെ തമിഴ് വംശജരുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാനുള്ള നീക്കമാണ് ലക്ഷ്യമിടുന്നത്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പഠനസമ്പ്രദായമുള്ള സ്‌കൂളുകളിലേക്ക് മാറ്റണമെന്നും ശുപാര്‍ശയിലുണ്ട്.
പുതുതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മതാടിസ്ഥാനത്തിലുള്ളതോ വിശ്വാസാടിസ്ഥാനത്തിലുള്ളതോ ആയ പേരുകള്‍ അനുവദിക്കരുതെന്നും നിലവില്‍ അത്തരം പേരുകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി, ഉടനടി മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കില്ല എന്ന് എഴുതിനല്‍കണമെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അനുവദിക്കണമെന്നും ശുപാര്‍ശയുണ്ട്.
Post Your Comments