ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഒരു ഭിക്ഷാംദേഹിയായി അലഞ്ഞുതിരിഞ്ഞു നടന്നേനെയെന്ന് വ്യക്തമാക്കി നന്ദു മഹാദേവ. സ്വയം ഒതുങ്ങിക്കൂടി പരമമായ സത്യത്തെ അന്വേഷിച്ചു നടക്കുന്ന ഒരു ഭിക്ഷാംദേഹിയായി യാത്ര തുടങ്ങാൻ എല്ലാം കൊണ്ടും മനസ്സ് പാകപ്പെടുത്തി വച്ച സമയത്താണ് ചെറു വേദനയായി അത് ആരംഭിക്കുന്നതെന്ന് നന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
Read also: തന്റെ അറിവോടെയല്ല, ആരോ കാണിച്ച കുസൃതിയാണിത്; വിവാഹവാർത്തയിൽ പ്രതികരണവുമായി ചെമ്പൻ വിനോദ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സത്യത്തിൽ ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ഹിമാലയത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടവനാണ്…!!
അങ്ങനെയും ഒരു സാധ്യത ഉണ്ടായിരുന്നു..!!
സ്വയം ഒതുങ്ങിക്കൂടി പരമമായ സത്യത്തെ അന്വേഷിച്ചു നടക്കുന്ന ഒരു ഭിക്ഷാംദേഹിയായി യാത്ര തുടങ്ങാൻ എല്ലാം കൊണ്ടും മനസ്സ് പാകപ്പെടുത്തി വച്ച സമയത്താണ് ചെറു വേദനയായി അത് ആരംഭിക്കുന്നത് !!
കുഞ്ഞുന്നാൾ മുതലേ ആധ്യാത്മിക കാര്യങ്ങളിൽ വല്ലാത്ത താൽപര്യവും അടുപ്പവും ആയിരുന്നു..
അങ്ങനെ ഇരിക്കവേയാണ് ക്രിയയോഗയെ പറ്റി കേൾക്കുന്നതും വല്ലാത്തൊരു താല്പര്യം ജനിക്കുന്നതും..
അങ്ങനെയാണ് ഞാൻ ശ്രീ എം എന്നറിയപ്പെടുന്ന മുംതാസ് അലി ഖാൻ എന്ന യോഗിയെപ്പറ്റി അറിയുന്നത്..
ഇസ്ലാമിക കുടുംബത്തിൽ ജനിച്ച് ഒരുൾ വിളിയാൽ ക്രിയയോഗയുടെ പ്രചാരകനായി മാറിയ മഹാത്മാവ്..
അദ്ദേഹം എന്റെ ഗുരുവാണെന്ന് ഉള്ളിലിരുന്നാരോ ശക്തമായി പറഞ്ഞു കൊണ്ടിരിക്കുന്നു..
അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ചേരാനും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാനും ഒക്കെ മാനസികമായി ഞാൻ തയ്യാറെടുത്തിരുന്നു..!!
ഒരുപക്ഷേ ഇതിനേക്കാൾ ഭീകരമായ എന്തെങ്കിലും ആകും ആ യാത്രയിലൂടെ വിധി എനിക്ക് കരുതിയിരുന്നത്…
അതിൽ നിന്ന് രക്ഷപ്പെടുത്താനും പുതിയ നിയോഗങ്ങൾ നൽകുവാനും ആകും മഹാദേവൻ ഗതി തിരിച്ചു വിട്ടത് !!
ഇന്നീ ശിവരാത്രി ദിനത്തിൽ അഞ്ചാമത്തെ കീമോയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഈ സമയത്ത് ഞാൻ അതീവ സന്തുഷ്ടനാണ്..
ഒന്ന് കണ്ണടച്ചാൽ പൂർണ്ണമായ സന്തോഷം അനുഭവിക്കുന്ന തലത്തിലേക്ക് മനസ്സ് എത്തിയിട്ടുണ്ട് !!
അതിനൊരപവാദം അസഹനീയമായ വേദന മാത്രമാണ്..!!
ഞാനെന്ന പുൽക്കൊടിയുടെ നിലനിൽപ്പും ഊർജ്ജവും ബോധവും എന്നുവേണ്ട സർവ്വവും മഹാദേവനാണ്..!!
മഹാദേവൻ എന്റെ കൂടെയുണ്ട്..!
ഓരോ ശ്വാസത്തിലും ഞാനതറിയുന്നു..!!
ഒപ്പം മറ്റൊരു തിരിച്ചറിവും..
നിങ്ങളതിനെ ഏത് പേരിൽ വിളിച്ചാലും അത് ശരിയാണ്..
ഞാനതിനെ ശിവം എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു..
എന്റെ ഹൃദയങ്ങൾക്ക് ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ !!
NB : പ്രിയപ്പെട്ടവരുടെ ഫോൺ കാളുകൾ എടുത്തു സംസാരിക്കാൻ കഴിയാത്തതും മെസ്സേജുകൾക്ക് മറുപടി അയക്കാൻ കഴിയാത്തതും തീരെ സുഖമില്ലാത്തത് കൊണ്ടാണ്..
ജാഡയാണെന്ന് കരുതരുത്..
മിക്കവാറും സമയവും ആശുപത്രിയിൽ ആകും..
സാധാരണ ജീവിതത്തിലേക്ക് തിരികെ വരണം എന്ന ചിന്ത മാത്രമാണ് ഓരോ നിമിഷവും..
പ്രിയമുള്ളവരോട് ഒരുപാട് സ്നേഹം..
Post Your Comments