ബംഗളുരു: കര്‍ണാടകയിലെ ഗഡഗ് ജില്ലയില്‍ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം സമുദായാംഗമായ ദിവാന്‍ ഷരീഫ് മുല്ല(33)യെ തെരഞ്ഞെടുത്തു. സ്‌ഥാനാരോഹണത്തിന്റെ ഭാഗമായി അദ്ദേഹത്തെ പൂണൂലണിയിക്കുകയും ലിംഗായത്ത് വിശ്വാസപ്രതീകമായ ഇഷ്‌ടലിംഗ കൈമാറുകയും ചെയ്‌തു. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരെ ജാത്ര സമിതിയുടെ മേധാവിയാക്കുന്നതു ഗഡഗ് മഠത്തിന്റെ രീതിയാണെന്നും അതില്‍ അത്ഭുതകരമായൊന്നുമില്ലെന്നും കോണ്‍ഗ്രസ് പ്രാദേശികനേതാവ് എച്ച്.കെ. പാട്ടീല്‍ ചൂണ്ടിക്കാട്ടി.
12-ാം നൂറ്റാണ്ടില്‍ ലിംഗായത്ത് വിശ്വാസസമൂഹം സ്‌ഥാപിച്ച ബസവേശ്വരന്റെ ഉദ്‌ബോധനങ്ങളില്‍ വിശ്വസിക്കുന്ന മുസ്ലിം കുടുംബാംഗമാണു യുവാവായ ദിവാന്‍ ഷരീഫ്.ചിത്രദുര്‍ഗയിലെ ശ്രീ ജഗദ്‌ഗുരു മുരുകരാജേന്ദ്ര മഠത്തിനു കീഴിലുള്ള 361 ലിംഗായത്ത് ആശ്രമങ്ങളിലൊന്നാണു ഗഡഗിലേത്. ലിംഗായത്ത് വിശ്വാസത്തില്‍ ആകൃഷ്‌ടരായ ദിവാന്‍ ഷരീഫിന്റെ മാതാപിതാക്കള്‍ മഠത്തിനായി രണ്ടേക്കര്‍ സ്‌ഥലം വിട്ടുനല്‍കിയിരുന്നു.
തന്നെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായാണെന്നും ബസവേശ്വരന്റെ ഉദ്‌ബോധനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുകയാണു ലക്ഷ്യമെന്നും ദിവാന്‍ ഷരീഫ് പ്രതികരിച്ചു.’നിങ്ങള്‍ ഏതു മതക്കാരനാണെന്നതു പ്രശ്‌നമല്ല. നല്ലതു ചെയ്യാനും ത്യാഗമനുഷ്‌ഠിക്കാനും ദൈവം അരുളിയാല്‍, ജനനത്തിന്റെയും ജാതിയുടെയും അടിസ്‌ഥാനത്തില്‍ മനുഷ്യനുണ്ടാക്കിയ നിയന്ത്രണങ്ങള്‍ പ്രസക്‌തമല്ല’- സമുദായാചാര്യന്‍ ശ്രീ മുരുകരാജേന്ദ്ര കൊറാണേശ്വര സ്വാമി പറഞ്ഞു.
Post Your Comments