ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയുടെ വ്യാപനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു. ഫെബ്രുവരിയില്‍ ഒരു ദിവസം റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ ജനിതകപരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോള്‍ അധികൃതര്‍ കണക്കിലെടുക്കുന്നുള്ളൂ. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് പുറത്ത വിട്ട റിപ്പാര്ട്ടുകളിലാണ് വൈറസ് വ്യാപനം കുറയുന്നതായി വ്യകതമാക്കിയത്.
അതേ സമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 114 പേരാണ്. ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേര് വീതവും മരിച്ചു. ലോകത്താകമാനം 74,576 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് പടരുന്ന ദക്ഷിണകൊറിയന്‍ നഗരമായ ഡേഗുവിലെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. ഇവിടെ 82 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്ത ജനങ്ങള്‍ ആശങ്കയിലാണ്. അതേസമയം ജപ്പാനില്‍ തടഞ്ഞിട്ട കപ്പലില്‍ വൈറസ് പടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേര്‍ ബുധനാഴ്ച മരിച്ചു. 80 വയസ്സിനുമുകളില്‍ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 3700 പേരില്‍ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു.
Post Your Comments