Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് മണ്ടത്തരങ്ങൾ തിരിച്ചറിയണം; കുറിപ്പുമായി ഡോക്ടർ

തിരുവനന്തപുരം: പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെക്കുറിച്ച് കുറിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്. ഇതിനു മുമ്പും സുരേഷിന് പാമ്പു പിടുത്തത്തിനിടെ പാമ്പിന്‍റെ കടിയേറ്റിട്ടുണ്ട്. ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പറയുന്നു.

Read also: ചെമ്പന്‍ വിനോദിന് വിവാഹം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിർഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നിൽക്കുന്ന മനുഷ്യർക്കും ജീവനു തന്നെ ഭീഷണിയും പാമ്പിന്റെ പ്രദർശനവും ട്രാൻസ്പോർട്ടേഷനും നിയമ വിരുദ്ധവുമാണ്.

അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്നും വാവ സുരേഷിപ്പോൾ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ (ASV + സപ്പോർട്സ്) ലഭ്യമാക്കിയാൽ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിൻ്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിൻ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേൽക്കുമ്പോ കൊണ്ടുപോയി രക്ഷിക്കാൻ മാത്രമുള്ളതല്ലാ, ശാസ്ത്രീയരീതികൾ. കടിയേൽക്കാതിരിക്കാനും കൂടിയാണ്.

പക്ഷെ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാൻസോ അതുമാത്രം മനസിലാക്കില്ല.

?അപ്പൊ വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തണമെന്നാണോ?
അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയിൽ തുടരട്ടെ. പക്ഷെ, അദ്ദേഹം പാമ്പിന്റെ പ്രദർശനവും അതിനെ കയ്യിൽ പിടിച്ചുള്ള ഷോയും നിർത്തണം.

?എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?
പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാൻ.

?ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?
വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിംഗ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്‌ഷനില്ല. കാഴ്ചക്കാരൻ്റെ കൈയടി നേടാനവിടെ സ്കോപ്പില്ല. അല്ലാതൊരു കാരണവും കാണുന്നില്ല.

?വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കുന്നതെന്തിനാണ്?
എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകൾ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാൻസ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കയറി നിൽക്കുന്നവൻ്റെ ‘ധൈര്യ’ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാർ.

?വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഫാൻസിന്റെ വാദങ്ങൾ എന്തായിരുന്നു?
1. വാവ പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും?
2. നാളെ മുതൽ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാൻ നടന്നവർ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ.
3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാർക്കും.
4. അയ്യോ സുരേഷേട്ടാ പോവല്ലേ..

?ഈ ഫാൻസിനോടൊരു ചോദ്യം –
നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാൽ, മറ്റന്നാൾ മുതൽ ആര് പാമ്പിനെ പിടിക്കും? ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാൾക്കുചുറ്റും കാഴ്ച കാണാൻ നിൽക്കുന്നവരുടെയോ ജീവനെ നിങ്ങൾ അൽപ്പമെങ്കിലും വിലമതിക്കുന്നുണ്ടോ? എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? എല്ലായ്പ്പോഴും രക്ഷപ്പെടാൻ ചാൻസുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവർക്ക് കടിയേറ്റിട്ടുള്ള, കടിയേൽക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണേ.

?ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ?
അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമർശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ.

?മേഖലയിൽ ഇത്രയും എക്സ്പീരിയൻസുള്ള ഒരാൾ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്.
ഒരു ഡ്രൈവറുണ്ട്. വണ്ടിയോടിക്കലിൽ 25 വർഷത്തെ എക്സ്പീരിയൻസുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്നലിലും വൺ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്സിഡന്റിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ ഡ്രൈവറാക്കുമെങ്കിൽ വാവയും ജോലി തുടരണമെന്ന് പറയാം.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും, അല്ലെങ്കിൽ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെയത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു..

മനോജ് വെള്ളനാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button