മസ്ക്കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനോടുള്ള ആദരസൂചകമായി ശിവരാത്രി ദിനമായ വെള്ളിയാഴ്ചയും (21-2-20) അവധി ദിവസമായ ശനിയാഴ്ചയും (22 – 2-20) മസ്ക്കറ്റിലെ പ്രശസ്തമായ ശ്രീ.മോത്തീശ്വർ മഹാശിവക്ഷേത്രം അടച്ചിടുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. ആധുനിക ഒമാന്റെ ശില്പിയായ സുൽത്താന്റെ ദേഹവിയോഗം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാലും ഒമാന്റെ പൈതൃകവും ആചാരവും മുൻനിറുത്തിയുമാണ് ഇത്തരമാരു തീരുമാനം.
തുടക്കത്തിൽ ശിവരാത്രി ദിനമായ വെള്ളിയാഴ്ച ക്ഷേത്രം അടച്ചിടുമെന്നാണ് ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചയും ഒമാനിൽ അവധി ദിവസമായതിനാൽ ശിവരാത്രിദിനം ദർശനം നടത്താൻ കഴിയാത്ത ഭക്തജനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്ക് പിറ്റേന്ന് ഉണ്ടായേക്കുമെന്നതിലാണ് പിറ്റേന്നും ക്ഷേത്രം അടച്ചിടാൻ ക്ഷേത്രസമിതി നിർബന്ധിതരായത്.
വർഷം തോറും നടക്കുന്ന മഹാശിവരാത്രി പൂജയുമായി ബന്ധപ്പെട്ട് 15,000 ത്തോളം പേരാണ് ഇവിടെ ദർശനത്തിനായി എത്താറുള്ളത്. ഗുജറാത്തിലെ വ്യാപാര കുടുംബങ്ങളാണ് 125 കൊല്ലങ്ങൾക്ക് മുമ്പ് കടലിനിക്കരെ ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചതിനു പിന്നിൽ.തുടർന്ന് 1999 ൽ ക്ഷേത്രം നവീകരിക്കുകയുണ്ടായി.
Post Your Comments