ചെന്നൈ: ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ വീഡിയോ ചുമരിലെ ദ്വാരത്തിലൂടെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി അറസ്റ്റില്‍. എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഗവേഷക വിദ്യാര്‍ഥിയായ ശുഭം ബാനര്‍ജിയാണു അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണു അറസ്റ്റ്.
കര്‍ണാടകയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥിനി ചില പഠനങ്ങള്‍ക്കായി ദിവസങ്ങള്‍ക്കു മുന്‍പാണു ഐഐടിയിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു എയറോസ്‌പേസ് വകുപ്പിനു സമീപത്തെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ചുമരിലെ ദ്വാരത്തില്‍ അസ്വാഭാവിക ചലനം കണ്ടാണു ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോള്‍ പുറത്തുനിന്ന് ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണെന്നു മനസിലാക്കിയ വിദ്യാര്‍ഥിനി ഉടന്‍ പുറത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്നു മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശുഭത്തിന്റെ മൊബൈലില്‍ നിന്നു വിഡിയോകളൊന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസും അറിയിച്ചു. വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്നും നേരത്തേ ഇതേ രീതിയില്‍ ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനായി ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
Post Your Comments