KeralaLatest NewsIndiaNews

കോയമ്പത്തൂര്‍ വാഹനാപകടം; 20 മരണം, മരിച്ചവരെല്ലാം മലയാളികള്‍, 11 പേരെ തിരിച്ചറിഞ്ഞു, റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തില്‍ 20 മരണം. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ മൂന്നരയ്ക്കാണ് അപകടംനടന്നത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.

മരിച്ചവരില്‍ ഏറെയും മലയാളികളാണ്. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. 21 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. ബസില്‍ യാത്രചെയ്ത48 പേരില്‍ 42പേരും മലയാളികളാണ്. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്. വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്‌നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരുക്കേറ്റത്.

മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. എന്നാല്‍ ലോറിക്ക് ആറുമാസം മാത്രമാണ് പഴക്കമുള്ളതെന്നും അതിനാല്‍ ടയര്‍ പൊട്ടിയതാകില്ല പകരം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ലോറിയിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു.

എന്നാലിപ്പോള്‍ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ പാലക്കാട് സ്വദേശി ഹേമരാജാണ് പോലീസില്‍ കീഴടങ്ങിയത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി.

മരിച്ച 20 പേരില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്, തൃശ്ശൂര്‍, ഏറണാകുളം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചറിഞ്ഞവരെല്ലാം. മരിച്ചവരുടെ ബാഗും പഴ്‌സും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് ഇവരെയാണ്.

റോസ്ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രനും വി.എസ് ശിവകുമാറും തിരുപ്പൂരിലേക്ക് തിരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേ സമയം അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മൃതദേഹങ്ങള്‍ വേഗം നാട്ടില്‍ എത്തിക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും നടപടി സ്വീകരിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്. തമിഴ്നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ല കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും അടിയന്തിരമായി എത്തിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള, തമിഴ്നാട് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button