KeralaLatest NewsNews

എസ്എപി ക്യാംപില്‍ ലോഹം കൊണ്ടുണ്ടാക്കിയ മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

തിരുവനന്തപുരം: വെടിയുണ്ടകളും കാലി കെയ്‌സുകളും കാണാതായ സംഭവത്തില്‍ എസ്എപി ക്യാംപിലെ ലോഹം കൊണ്ടുണ്ടാക്കിയ മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. മുദ്ര നിര്‍മിക്കാന്‍ കാലി കെയ്‌സുകള്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് മുദ്ര പരിശോധനയ്ക്കായി കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്എപി ക്യാംപില്‍ എന്നാണ് മുദ്ര സ്ഥാപിച്ചതെന്നും പരിശോധിക്കും. സ്‌പെഷ്യല്‍ ആംഡ് പൊലീസ് എന്ന് എഴുതിയതിനു മുകളില്‍ ശംഖു മുദ്രയും അശോക സ്തംഭവും പതിപ്പിച്ച മുദ്രയ്ക്ക് 2.40 കിലോ തൂക്കമുണ്ട്.

ആംഡ് പൊലീസ് ബറ്റാലിയനില്‍ 12,061 കാര്‍ട്രിഡ്ജുകളും 25 എണ്ണം 5.56 എംഎം ഇന്‍സാസ് റൈഫിളുകളും കുറവാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആയുധശേഖരത്തിലുള്ള കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും ആയുധങ്ങളും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലുണ്ടായ പിഴവാണ് ആയുധങ്ങള്‍ കാണാനില്ലെന്ന സിഎജിയുടെ പരാമര്‍ശത്തിനിടയാക്കിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനോട് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button