ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴ്വരയില് ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം.പ്രമുഖ കശ്മീരി പണ്ഡിറ്റുകളായ ഉത്പല്‍ കൗള്‍, കേണല്‍ താജ് ടിക്കോ, ഡോ. സുരീന്ദര്‍ കൗള്‍, സഞ്ജയ് ഗഞ്ജു, പരേകിഷ്ത് കൗള്‍ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയതിന് കേന്ദ്രസര്‍ക്കാരിന് കശ്മീരി പണ്ഡിറ്റുകള്‍ നന്ദി അറിയിച്ചു. പലായനം ചെയ്ത പണ്ഡിറ്റുകളുടെ പ്രശ്നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി താഴ്വരയിലെ 10 ജില്ലകളില്‍ 10 ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രായപരിധി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായി ഉത്പല്‍ കൗള്‍ പറഞ്ഞു.
തികഞ്ഞ മാന്യതയോടെയും അന്തസോടെയും കശ്മീര്‍ താഴ്വരയിലേക്ക് മടങ്ങിവരാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പണ്ഡിറ്റുകള്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments