ഒരു വര്‍ഷം മുന്‍പ് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോലീസ് കോൺസ്റ്റബിൾ ലളിത് സാൽവേ വിവാഹിതനായി. ഫെബ്രുവരി 17 നായിരുന്നു വിവാഹം.
2018 മെയ് മാസത്തിൽ മുംബൈയിലെ സർക്കാർ നടത്തുന്ന സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ ലിംഗമാറ്റ ശസ്ത്രക്രിയയുടെ (എസ്ആർഎസ്) ആദ്യ ഘട്ടത്തിന് വിധേയനായത്.
തുടർന്നുള്ള മാസങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ഓപ്പറേഷനുശേഷം, ബീഡ് ജില്ലയിലെ മജൽഗാവ് തഹ്‌സിലിലെ രാജേഗാവ് ഗ്രാമത്തിലെ താമസക്കാരനായ സാൽവേ (30) ഒടുവിൽ ലളിത് എന്ന പേരു സ്വീകരിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം, മഹാരാഷ്ട്രയിലെ പോലീസ് സേനയിലെ ഒരു പുരുഷ കോൺസ്റ്റബിളിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സാല്‍വെയ്ക്ക് ലഭിച്ചു തുടങ്ങി. തൊട്ടടുത്തുള്ള ഔറംഗബാദ് നഗരത്തിൽ ഞായറാഴ്ച നടന്ന ഒരു ചെറിയ ചടങ്ങിൽ വച്ച് സാൽവേ ഒരു സ്ത്രീയെ വിവാഹം കഴിച്ചു.
“മൂന്ന് ഘട്ടങ്ങളിലുള്ള ലൈംഗിക മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് ഒരു പുനർജന്മം ലഭിച്ചു. എന്റെ വിവാഹത്തിന് ശേഷം ഞാൻ ഒരു പുതിയ ജീവിതം ആരംഭിച്ചു, ഇനി സന്തോഷത്തോടെ ജീവിക്കും. എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും എന്റെ വിവാഹത്തിൽ സന്തുഷ്ടരാണ്,” സാൽവെ പറഞ്ഞു.
1988 ജൂണിൽ ലളിത കുമാരി സാൽവേയായി ജനിച്ച അവർ നാലുവർഷം മുമ്പ് ശരീരത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിൽ വൈ ക്രോമസോമിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
പുരുഷന്മാർക്ക് എക്സ്, വൈ സെക്സ് ക്രോമസോമുകളുണ്ടെങ്കിൽ സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകളാണ് ഉള്ളത്. പോലീസ് സേനയിൽ അംഗമായ സാൽവെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അവധി അനുവദിക്കാൻ സംസ്ഥാന പോലീസ് വകുപ്പിനെ സമീപിച്ചിരുന്നു.
പുരുഷന്മാരുടെയും വനിതാ കോൺസ്റ്റബിൾമാരുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, ഉയരവും ഭാരവും ഉൾപ്പെടെ വ്യത്യസ്തമായതിനാൽ വകുപ്പ് അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് അവധി അനുവദിക്കാൻ ഡി.ജി.പിയോട് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് സാൽവെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സേവന കാര്യമായതിനാൽ മഹാരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ഹൈക്കോടതി സാൽവേയോട് നിര്‍ദ്ദേശിച്ചു. ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സാൽവേയ്ക്ക് ആഭ്യന്തര വകുപ്പ് അവധി നല്‍കുകയായിരുന്നു.
Post Your Comments