24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോള്‍ ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് കായിക രംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരം. 2000 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷം ആയി 2011 ലോകകപ്പിലെ ഇന്ത്യന്‍ വിജയാഘോഷം. അങ്ങനെ കായിക ഓസ്കറിലും ക്രിക്കറ്റ് ദൈവം കൈയ്യൊപ്പ് ചാര്‍ത്തി.
ലോക ക്രിക്കറ്റിന്റെ സമസ്ത മേഖലകള്‍ വെട്ടിപ്പിടിക്കുമ്പോഴും ഏകദിന ലോകകപ്പെന്നെ സ്വപ്നം സച്ചിനെ തേടിയെത്താന്‍ ഇന്ത്യയും സച്ചിനും ക്രിക്കറ്റ് ലോകവും കാത്തിരുന്നത് 22 വര്‍ഷങ്ങള്‍. 1996ലെയും 2003ലെയും ലോകകപ്പില്‍ സച്ചിന് ടോപ്സ്കോറര്‍ ആയെങ്കിലും കപ്പ് എന്ന മോഹത്തിന് കാത്തിരിക്കാന്‍ തന്നെയായിരുന്നു വിധി. 2003ല്‍ ഫൈനലിലും 1996ല്‍ സെമിയിലും ഇന്ത്യ വീണു. ഒടുവില്‍ 2011ല്‍ ധോണിയുടെ സിക്സര്‍ വാങ്കഡേയിലെ ഗ്യാലറിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ക്രിക്കറ്റ് ദൈവത്തിനൊപ്പം രാജ്യം കണ്ട സ്വപ്നം സഫലമായി. ഇന്ത്യന്‍ താരങ്ങളിലെ റണ്‍ വേട്ടക്കാരനും അന്ന് സച്ചിനായിരുന്നു. സച്ചിനായി ലോകകപ്പ് നേടുമെന്ന് ശപഥം ചെയ്ത് ടൂര്‍ണമെന്റിനിറങ്ങിയ യുവ്രാജിനെ ആലിംഗനം ചെയ്ത് വിതുമ്പിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യമായാണ് ക്രിക്കറ്റ് ലോകത്ത് ഇത്രയും വൈകാരികനാകുന്നത്.
സച്ചിന് ലോകചാംപ്യനായി കാണാന്‍ രണ്ട് പതിറ്റാണ്ടിലധികമാണ് ഇന്ത്യ കാത്തിരുന്നത്. വാങ്കഡേയിലെ ചരിത്രനിമിഷത്തെ ലോകം ആദരിക്കുമ്പോള്‍, അത് ഇന്ത്യക്ക് തന്നെയുളള അംഗീകാരമായി മാറുകയാണ്. രണ്ട് ദശകത്തിനിടെ ഇതിലും മികച്ച നിമിഷം കായികലോകത്ത് പിറന്നിട്ടില്ലെന്ന് ലോകവും ഇപ്പോള്‍ സമ്മതിക്കുന്നു.
ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറാണ് സച്ചിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും സച്ചിന്റെ സമകാലീനനുമായ സ്റ്റീവ് വോ സച്ചിന് പുരസ്കാരം സമ്മാനിച്ചു. ആരാധകരുടെ വോട്ടടുപ്പിലൂടെ തിരഞ്ഞെടുത്ത ആദ്യ അവാര്‍ഡ് ആയിരുന്നു ഇത്.
Post Your Comments