Latest NewsNewsInternational

മുന്‍ വോളിബോള്‍ താരങ്ങളും മക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

മിസോറി: രണ്ട് മുന്‍ വോളിബോള്‍ താരങ്ങളും അവരുടെ 12 വയസ്സുള്ള പെണ്‍മക്കളും മിസോറിയില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

മുന്‍ സിറാക്കൂസ് യൂണിവേഴ്സിറ്റി താരം കാരി ഉര്‍ട്ടന്‍ മക്കാവ് (44), ലൂയിസ്‌വില്ലെ യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ച ലെസ്ലി ഡ്രൂറി പ്രഥര്‍ (40) എന്നിവരാണ് രണ്ട് കുട്ടികളുമായി വോളിബോള്‍ ടൂര്‍ണമെന്‍റിലേക്ക് പോകുന്നവഴി മിസോറി സ്റ്റേറ്റ് ഹൈവേയില്‍ വെച്ച് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ പത്തരയോടെ മിസോറിയിലെ സെന്‍റ് ചാള്‍സ് കൗണ്ടിയിലെ അന്തര്‍സംസ്ഥാന ഹൈവേ 64-ല്‍ മറ്റൊരു വാഹനം മീഡിയനില്‍ തട്ടി മറുവശത്തേക്ക് മറിയുകയും താരങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ഇടിച്ച വാഹനം ഓടിച്ചിരുന്ന 29-കാരനായ എലിയാ ഹെന്‍‌ഡേഴ്സണ്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചരിത്രമുള്ള ആളാണെന്ന് സെന്റ് ചാള്‍സ് കൗണ്ടി പ്രൊസിക്യൂട്ടര്‍ പറഞ്ഞു. അപകട സമയത്ത് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാന്‍ ടോക്സിക്കോളജി റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമ്മമാര്‍ രണ്ടു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. വാഹനത്തിന്റെ പിന്‍‌സീറ്റിലിരുന്നിരുന്ന പെണ്‍‌കുട്ടികളെ രണ്ടുപേരെയും പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉര്‍ട്ടന്‍ മക്കാവ് 1994 മുതല്‍ 1997 വരെ സിറാക്കൂസ് യൂണിവേഴ്സിറ്റി സീനിയര്‍ ഇയര്‍ ടീമിന്റെ വോളിബോള്‍ ക്യാപ്റ്റനായിരുന്നു. വോളിബോള്‍ കളിയില്‍ ഒന്നിലധികം തവണ റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്.

1998 മുതല്‍ 2001 വരെ ലൂയിസ്‌വില്ലില്‍ കളിച്ച പ്രഥര്‍ ഒരു ‘സ്റ്റാന്‍‌ഡ് ഔട്ട്’ കളിക്കാരിയായാണ് അറിയപ്പെട്ടിരുന്നത്.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button