കൊച്ചി: ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗത്തിന്റെ കത്ത്. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും, കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ജോബി ജോര്‍ജിന്റെ പ്രതികരണം.
മുടിമുറിക്കലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത് . ‘വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഷെയ്ന്‍ മറ്റൊരു ചിത്രമായ കുര്‍ബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതില്‍ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്‌നാണ് ആദ്യം രംഗത്തെത്തിയത്.
തുടര്‍ന്ന് താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കി. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ ഷെയ്ന്‍ ഇറങ്ങിപ്പോയെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇത് കാണിച്ച് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കുകയും ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിര്‍മാതാക്കളുടെ സംഘടന ‘അമ്മ’യെ അറിയിക്കുകയും ചെയ്തിരുന്നു.
തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഇതിന് മറുപടിയായി ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദം കത്തിക്കയറുന്നതിനിടയില്‍ വെയില്‍ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് മുടിയും താടിയും വടിച്ചു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മ സംഘടനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനൊക്കെ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
Post Your Comments