KeralaLatest NewsNews

ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യന്‍ സംസ്‌കാരത്തെ നിര്‍മിച്ചതെന്ന് സച്ചിദാനന്ദന്‍

കൊച്ചി: പല സംസ്‌കാരങ്ങളെയും പുറത്ത് നിര്‍ത്തുന്ന ദേശീയതാ സങ്കല്‍പമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. സാഹിത്യം, സംസ്‌കാരം, വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം പാരമ്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യ ഒന്നിച്ചു നിന്നതെന്നും ഏകശിലാ രൂപമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലത്ത് മുന്‍കാല ചരിത്രം അറിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുപാട് രാമായണങ്ങള്‍ പല വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. രാമായണം എന്നത് കേവലം ഒരു കൃതിയല്ല. ഒരു പാരമ്പര്യമാണ്. പല രാമായണങ്ങള്‍ പല കാലങ്ങളിലായി ഇറങ്ങി. രാമായണം കേവലം ഹൈന്ദവമല്ല. ജൈനരുടെയും ബുദ്ധരുടെയും രാമായണം ഉണ്ട്. മുസ്ലിം കൃസത്യന്‍ വിഭാഗങ്ങള്‍ക്ക് രാമായണങ്ങള്‍ ഉള്ള ഇടങ്ങളുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ അത് കാണാം. എല്ലാ രാമായണങ്ങളും ഒരേ പോലെ അല്ല രാമകഥയെ സമീപിക്കുന്നത്. കഥാപാത്രങ്ങള്‍ പൊതുവെങ്കിലും അവയുടെ ബന്ധം വേറെയാണ്.
എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും ഒരു പ്രത്യേക വംശത്തിന്റെ പിന്മുറക്കാരല്ല. പല സമയത്തുമുള്ള കുടിയേറ്റങ്ങളിലൂടെ എത്തിച്ചേര്‍ന്നവരാണ്. സമ്മിശ്ര ജനതയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യന്‍ സംസ്‌കാരത്തെ നിര്‍മിച്ചത്.

ഏറ്റവും വലിയ രാജ്യസ്‌നേഹികളുടെ പാരമ്പര്യം ഇസ്ലാം മതത്തിനുണ്ട്. മുഗള്‍ കാലഘട്ടത്തില്‍ ആണ് ഹിന്ദുക്കളും മുസ്ലിംകളും ഏറ്റവും യോജിപ്പോടെ ജീവിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. സംസ്‌കാരം പോലെ ഭാഷകളുടെയും പലമ ഇവിടെയുണ്ട്. ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെ വൈവിധ്യം നിലനിര്‍ത്തുക പ്രധാനമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button