മസ്കത്ത്: ഗതാഗതകുരുക്ക് ഇനി എളുപ്പത്തില്‍ അറിയാം. അതിനായി മൊബൈല്‍ ആപ് വികസിപ്പിച്ചിരിക്കുകയാണ് മസ്കത്ത് നഗരസഭ. ഗതാഗതക്കുരുക്കുകളെ കുറിച്ച് കൃത്യമായ അപ്ഡേറ്റുകള് ലഭിക്കുംവിധമായിരിക്കും മൊബൈല്‍ ആപിന്റെ പ്രവര്‍ത്തനം. തിരക്കില്ലാത്ത റൂട്ട് തിരഞ്ഞെടുത്ത് സമയത്തിന് ലക്ഷ്യസ്ഥലത്ത് എത്താന്‍ സാധിക്കും ഇത് വഴി സാധിക്കുമെന്ന് മസ്കത്ത് നഗരസഭയിലെ ലൈറ്റിങ് വിഭാഗം ഡയറക്ടര്‍ എനജിനീയര്‍ സെയാദ് അല്‍ സദ്ജാലി പറഞ്ഞു.
ഗവര്‍ണറേറ്റിലെ എല്ലാ സിഗ്നല്‍ സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം നിരീക്ഷിക്കാന്‍ ഇതുവഴി സാധ്യമാകുമെന്നും അല്‍ സദ്ജാലി പറഞ്ഞു. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം അവതരിപ്പിക്കാനുള്ള ജോലികളും നടന്നുവരുകയാണ്. മികച്ച റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം അവയിലൂടെയുള്ള ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്താലേ ഗതാഗതക്കുരുക്കുകള്‍ നിയന്ത്രിക്കാനാകൂവെന്ന് അല്‍ സദ്ജാലി പറഞ്ഞു. ട്രാഫിക് സിഗ്നല്‍ സംവിധാനത്തിന് കേന്ദ്രീകൃത കണ്ട്രോള് റൂം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുകയാണ്. മദീനത്തുല്‍ സുല്‍ത്താന്‍ ഖാബൂസിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. റോഡുകളില്‍ കൂടുതല്‍ വ്യക്തമായതും പ്രാധാന്യമുള്ളതുമായ സൂചന ബോര്‍ഡുകളും സ്ഥാപിക്കും. നിര്‍മാണ ജോലികളും അപകടങ്ങളും മറ്റും നടന്നാല്‍ മുന്നറിയിപ്പ് ലഭിക്കാനും വഴിതിരിഞ്ഞ് പോകാനും ഇത് സഹായകരമാകും. 15 റൗണ്ടെബൗട്ടുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുമെന്നും അല്‍ സദ്ജാലി പറഞ്ഞു.
Post Your Comments