KeralaLatest NewsNews

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം..പത്താം വയസില്‍ അച്ഛനമ്മമാര്‍ മരിച്ച പെണ്‍കുട്ടിയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളര്‍ത്തി ; ഒടുവില്‍ ക്ഷേത്രത്തില്‍വച്ച് മകളുടെ കൈപിടിച്ചു കൊടുത്ത് അബ്ദുള്ളയും ഖദീജയും

കാഞ്ഞങ്ങാട്: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം, കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പില്‍ നിന്നൊരു മനസ്സ് നിറയുന്നൊരു കാഴ്ച്ച. തഞ്ചാവൂര്‍ സ്വദേശി രാജേശ്വരിക്ക് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ് കൂട്ടായപ്പോള്‍ രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് അബ്ദുള്ളയും ഖദീജയും. മേല്‍പ്പറമ്പ് കൈനോത്തെ ഷമീം മന്‍സിലിലെ അബ്ദുള്ളയുടേയും ഖദീജയുടേയും വളര്‍ത്തുമകളാണ് രാജേശ്വരി. ഞായറാഴ്ചയാണ് കാഞ്ഞങ്ങാട് മന്യോട്ട് ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട് തന്നെ, എല്ലാ ചിലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് അബ്ദുല്ലയും ഭാര്യ ഖദീജ കുന്നരീയത്തും തീരുമാനിച്ചത്. അത് സഫലമായി.

അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ശരവണന്റെ മകളാണ് രാജേശ്വരി. മാതാപിതാക്കളോടൊപ്പം ഏഴ് വയസുള്ളപ്പോഴാണ് രാജേശ്വരി ഇവരുടെ വീട്ടിലെത്തിയത്. പത്താം വയസില്‍ അച്ഛനമ്മമാര്‍ മരിച്ച പെണ്‍കുട്ടിയാണ് രാജേശ്വരി. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ രാജേശ്വരിയെ അബ്ദുള്ളയുടെ കുടുംബം ഏറ്റെടുക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് അബ്ദുല്ലയുടെ വീട്ടില്‍ എത്തിയ രാജേശ്വരിയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളര്‍ത്തി. അബ്ദുള്ളയുടെ മൂന്ന് പുത്രന്‍മാര്‍ക്ക് രാജേശ്വരി സഹോദരിയായി. 22 കാരിയായ രാജേശ്വരിക്ക് വിവാഹാലോചനകള്‍ വന്നപ്പോള്‍ രക്ഷിതാക്കളായി വരന്റെ വീട്ടിലെത്തിയതും അബ്ദുള്ളയും കുടുംബവുമായിരുന്നു. പുത്യകോട്ടയില്‍ ബാലചന്ദ്രന്റെയും ജയന്തിയുടെയും മകനാണ് വിഷ്ണുപ്രസാദ്

കാഞ്ഞങ്ങാട്ടെ ലാബ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനമായത്. ഇതിനായി മന്യോട്ട് ക്ഷേത്രം തെരഞ്ഞെടുക്കയായിരുന്നു. അബ്ദുള്ളയുടെ അമ്മ എണ്‍പത്തിനാലുകാരിയായ സഫിയുമ്മ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ ഭാഗമായി. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ എച്ച് ആര്‍ ശ്രീധരനും ചേര്‍ന്ന് വധുവിനെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button