ബെയ്ജിങ്: കൊറോണ വൈറസ് ബാധയത്തെത്തുടര്‍ന്ന് ചൈനയില്‍ മരണം 1665 കടന്നു. ഇന്നലെ മാത്രം മരിച്ചത് 142 പേരാണ്. ശനിയാഴ്ച 2009 പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു ദിവസമായി പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.
ശനിയാഴ്ച മരിച്ചവരില്‍ 139-ഉം ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,500-ലേക്ക് ഉയര്‍ന്നു. ചൈനയ്ക്കുപുറത്ത് 30 രാജ്യങ്ങളിലായി 500-ലേറേ കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, ഹോങ് കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലായി നാലുപേര്‍ മരിക്കുകയും ചെയ്തു. പുതുതായി വൈറസ് ബാധിച്ചവരില്‍ 1843 പേര്‍ വുഹാനിലാണ്. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇതുവരെ 56,249 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.
വൈറസ് തടയാന്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി ചൈനീസ് ദേശിയ ആരോഗ്യ കമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു. രോഗംമാറി ആശുപത്രി വിടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെ 9419 പേരാണ് ആശുപത്രി വിട്ടത്. ചൈന സ്വീകരിച്ച നടപടികളില്‍ കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേശസും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോകത്താകമാനം 69,000 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
Post Your Comments