Latest NewsKeralaNews

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ? എന്നാല്‍ അതും സംഭവിച്ചു, നമ്മുടെ ഇരട്ട ചങ്കുള്ള സഖാവ് വാണരുളുന്ന ഈ കൊച്ചു കേരളത്തില്‍ തന്നെ

അഞ്ജു പാര്‍വതി പ്രഭീഷ്

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ..? എന്നാല്‍ അങ്ങിനെയും ഒന്ന് സംഭവിച്ചു പ്രബുദ്ധ ഒന്നാം നമ്പർ കേരളത്തിൽ! സാക്ഷാൽ ഇരട്ടച്ചങ്കുള്ള സഖാവ് വാണരുളുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പെന്ന തീക്കട്ടയിലാണ് ഉറുമ്പുകൾ അരിച്ചത്. അരിച്ചുക്കൊണ്ടു പോയതാകട്ടെ പഞ്ചസാരത്തരിയും അരിമണിയൊന്നുമല്ല താനും.നല്ല 916 വെടിയുണ്ടകളാണ്. അതുക്കൊണ്ടും തീരുന്നില്ല വിവാദങ്ങളുടെ കൊടുങ്കാറ്റ്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, തലപ്പത്തുള്ള മൂന്നു പേരും ഒരേ വിഷയത്തിൽ ഒരേ പോലെ ആരോപണം നേരിടുന്ന ഒരു കാലവും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു കുത്തഴിഞ്ഞ പുസ്തകമായിട്ട് ആഭ്യന്തരവകപ്പ് ഇത്രമേൽ തരംതാഴ്ന്നത് ഈ ഭരണകാലത്താണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി വെടിയുണ്ടകൾ കാണാതായ സംഭവം മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് എങ്ങനെ മുഖം തിരിക്കാമെന്നും വിവാദങ്ങളിൽ നിന്നും എങ്ങനെ തലയൂരാമെന്നുമാണ് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ഭരണകൂടവും കൂലംകക്ഷമായി ചിന്തിക്കുന്നത്.

ലോക്നാഥ് ബെഹ്റ പോലീസ്സേനയുടെ തലപ്പത്ത് വന്നതുമുതൽ എന്തുമാത്രം വിവാദങ്ങൾക്കാണ് പോലീസ്സേന തലവച്ചുകൊടുത്തത്? ഓരോ വിവാദങ്ങൾക്കൊടുവിലും ബെഹ്റയുടെ താന്തോന്നിത്തരങ്ങൾക്കു ക്ലീൻ ചിറ്റ് നല്കി വെള്ളപ്പൂശുന്നൊരു മുഖ്യമന്ത്രി പൊതുസമൂഹത്തിനു നല്കുന്ന സന്ദേശമെന്താണ്? പോലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദം ബെഹ്‌റയെ നേരത്തെ സംശയത്തിന്റെ കരിനിഴലിലാക്കിയിരുന്നു.അന്നും ക്ലീൻ ചിറ്റ് നല്കി പട്ടും വളയും നല്കി സ്വീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു.എന്തിനാണ് ഒരു ഡി.ജിപിയെ ഇത്രമേൽ ഒരു മുഖ്യമന്ത്രി സംരക്ഷിക്കുന്നത്?

ആയുധങ്ങള്‍ കാണാതായ ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച് സിഎജിയുടെ നിര്‍ണായക വെളിപ്പെടുത്തലോടെ ഡിജിപി പ്രതിരോധത്തിലായിരുന്നു. ഇതാദ്യമായാണ് ഒരു ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതടക്കം സിഎജി വാര്‍ത്താസമ്മേളനം നടത്തുന്ന സ്ഥിതിയുണ്ടായത്. ഗുരുതരമായ വീഴ്ചകളാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 25 റൈഫിളുകളും 12,061 വെടിയുണ്ടകളും നഷ്ടമായി. കാണാതായതിന് പകരം വ്യാജ ഉണ്ടകള്‍ വച്ചു. ഇത് മറച്ചുവെയ്ക്കാന്‍ രേഖകള്‍ തിരുത്തി. പൊലീസ് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കാനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും ഡിജിപി മാര്‍ക്കും താമസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി വകമാറ്റി തുടങ്ങിയവയാണ് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍.

കാണാതായ വെടിയുണ്ടകളുടെ എണ്ണം 12,061എന്നത് സ്ഥിതിഗതികൾ സംസ്ഥാനത്ത് എത്രമേൽ ഗുരുതരവും രൂക്ഷവുമാണെന്നാണ് ചൂണ്ടികാണിക്കുന്നത്. വെടിയുണ്ട, പ്രതിരോധ വാഹനങ്ങളുടെ സംഭരണം എന്നിവയില്‍ സ്‌റ്റോഴ്‌സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചു എന്നും സിഎജി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇതോടെ നവീകരണത്തിനെന്ന പേരില്‍ ലോക്‌നാഥ് ബെഹ്‌റ ചെലവാക്കിയ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപയാണ് . സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ് ഈ തുക ചെലവഴിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പര്‍ച്ചേസ് മാന്യുവല്‍ ലംഘിച്ചായിരുന്നു ബെഹ്‌റയുടെ ഇടപാടുകളെന്ന സിഎജി റിപ്പോര്‍ട്ട് ഇതുവരെ നടന്ന മുഴുവന്‍ പര്‍ച്ചേസുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. 2016-17ല്‍ 24 കോടി, 2017-18 ല്‍ 46 കോടി, 2018-19ല്‍ 78 കോടി, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടുമാസത്തില്‍ 1.41 കോടി. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായ ശേഷം നവീകരണത്തിനെന്ന പേരില്‍ പൊലീസ് ചെലവഴിച്ച തുകയുടെ കണക്കാണിത്.

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയിൽ നിന്ന് 31 കോടി രൂപ വകമാറ്റി, ജീവനക്കാരുടെ ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 2.81 കോടി ഡിജിപിക്കും എഡിജിപിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി, ഉപകരണങ്ങളും കാറുകളും വാങ്ങിയതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ മാർഗനിർദേശങ്ങൾ ലംഘിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ബെഹ്റ മാർഗ നിർദേശങ്ങൾ പാലിച്ചില്ല. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനു പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങി. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂർ നൽകി- എന്നിങ്ങനെ റിപ്പോർട്ടിൽ ഡി ഐ ജിക്കെതിരെ അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊന്നും വ്യക്തമായ ഉത്തരം തരാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യന് എന്ത് കൊണ്ട് കഴിയുന്നില്ല?

ഡി ജി പി ക്കും പൊലീസിനുമെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെ മാത്രമാണ്. ജനങ്ങളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തേണ്ടത് ഭരണത്തിലിരിക്കുന്ന ജനനേതാവിന്റെ ഉത്തരവാദിത്വമാണ്. പൊലീസിൽ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയറിയുന്നില്ലെങ്കിൽ പിന്നെ ആ കസേരയ്ക്ക് എന്താണ് വില? ഇതുവരെ നടന്ന സംഭവങ്ങളോട് മുഖ്യമന്ത്രി കാട്ടുന്ന അലംഭാവം കാണുമ്പോൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇതെന്ന് സാധാരണക്കാർക്ക് ശങ്ക തോന്നിയാൽ തെറ്റു പറയാനൊക്കുമോ?

കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലേ? മറ്റേതെങ്കിലും സംസ്ഥാനത്താണ് പ്രത്യേകിച്ചും ബിജെപിയോ കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഇങ്ങനൊരു സംഭവമെങ്കിൽ എന്നേ പത്രകുറിപ്പ് ഇറക്കിയേനേ മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും. ഇടതു മുന്നണിയില്‍ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലെ ചിലര്‍ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളതുമാണ്. ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത് തുടങ്ങി ബാക്കിയാകുന്ന സംശയങ്ങള്‍ അനവധിയാണ് .

ഇനി കാണാതായ വെടിയുണ്ടകളുടെയും തോക്കുകളുടെയും ഉത്തരവാദിത്വം മുൻ ഡി.ജി.പി സെൻകുമാറിന്റെ തലയിൽ ചാരാൻ നോക്കിയാലും ബെഹ്റയുടെ സമയത്ത് നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളെയും പോരായ്മകളെയും എങ്ങനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയും? ചില വസ്തുതകൾ നിരത്തട്ടെ! വായുമലിനീകരണം അനിയന്ത്രിതമായതുമൂലം 2016ൽ കേന്ദ്രം നിരോധിച്ച വാഹനങ്ങൾ കേരളാപൊലീസ് വാങ്ങിക്കൂട്ടിയതെന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞല്ലോ? 2020 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് ബി.എസ് 4 എൻജിൻ സീരിസിൽപെട്ട വാഹനങ്ങൾ വിൽക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശമുള്ളപ്പോഴാണ് കഴിഞ്ഞ ജനുവരിയിൽ ബി.എസ് 4 എൻജിനിൽപെട്ട 202 പുതിയ ബൊലേറൊ എസ്.യു.വികൾ കേരളാപോലീസ് വാങ്ങിക്കൂട്ടിയത്.

ഒരു പൊലീസ് സ്റ്റേഷനിൽ രണ്ട് വാഹനങ്ങൾ വേണമെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു നടപടി. ഡി.ജി.പിയുടെയും പൊലീസ് ആസ്ഥാനത്തെ ഉന്നതന്റെയും നേതൃത്വത്തിൽ നടന്ന ഇടപാടിനെ പൊലീസിലെ തന്നെ ഒരു വിഭാഗം എതിർത്തിരുന്നു. ഇതിനെ മറികടന്നാണ് നവീകരണമെന്ന പേരിൽ അഭ്യന്തരവകുപ്പിനെപ്പോലും തെറ്റിദ്ധരിപ്പിച്ച് 16.05 കോടിയുടെ ഇടപാട് നടത്തിയത്.രാജ്യത്ത് വായുമലിനീകരണം അനിയന്ത്രിതമായ ഘട്ടത്തിലാണ് 2016ൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഭാരത് സ്റ്റേജ് (ബി.എസ്) നാല് ഇനത്തിൽപെട്ട വാഹനങ്ങൾ 2020 ഏപ്രിലിനുശേഷം വിൽപന നടത്തരുതെന്ന് വാഹനനിർമ്മാണക്കമ്പനികളോട് നിർദേശിച്ചത്. അതിനെ കാറ്റിൽപ്പറത്തിയ ഡി.ജി.പിയെ എങ്ങനെ ന്യായീകരിക്കമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്?

സ്വന്തം തോക്കും വെടിയുണ്ടയും സൂക്ഷിക്കാനറിയാത്ത പൊലീസ് എങ്ങനെ പൊതുജനത്തിനു സംരക്ഷണം കൊടുക്കും? വിവാദമായ ഇത്തരം കാര്യങ്ങൾ തുടർച്ചയായി കണ്ടിട്ടും പോലീസ് മേധാവിയുടെ അഴിമതികൾക്ക് കുടചൂടുന്ന ആഭ്യന്തരമന്ത്രിക്കെങ്ങനെ പൊതുജനങ്ങളെ നീതിപൂർവ്വം സേവിക്കാൻ കഴിയും? തുടർച്ചയായ രണ്ട് പ്രളയങ്ങൾ സമ്മാനിച്ച സാമ്പത്തികപരാധീനതകൾക്കിടയിൽ കിടന്ന് ജനങ്ങൾ നട്ടംതിരിയുന്ന സംസ്ഥാനത്താണ് പോലീസ്സേനയിലെ അഴിച്ചുപണിക്കായി മാത്രം കോടികൾ നഷ്ടം വരുത്തിയ പോലീസ് മേധാവി കിരീടം വയ്ക്കാത്ത രാജാവായി വാഴുന്നത്. ഇതാണോ മാർക്സ് വിഭാവന ചെയ്ത ആ സഭ്ഭരണം?

shortlink

Related Articles

Post Your Comments

Related Articles


Back to top button