![Jayashankar](/wp-content/uploads/2019/01/jayashankar.jpg)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടച്ച പണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. പണം കൈമാറിയിരുന്നില്ല എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കി.
പണം കൈമാറിയ ചെക്ക് സഹിതം തെളിവ് നിരത്തി ആധികാരികമായി ഹൈബി ഈഡന് നൽകിയ മറുപടിയാണ് ആഷിഖ് അബുവിന് തന്നെ ഇപ്പോൾ വിനയായിരിക്കുന്നത്. തെളിവായി ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ ചെക്കിലെ ഡേറ്റ് 2020 ഫെബ്രുവരി മാസം 14 ആണ്. 2019 നവംബർ 1 ന് നടന്ന പരിപാടിയുടെ തുകയാണ് കഴിഞ്ഞ ദിവസം കൈമാറിയത്.
ഇതോടെ കള്ളി വെളിച്ചത്തായതായി ആരോപിച്ച് ഹൈബി ഈഡനും, സന്ദീപ് വാര്യറും രംഗത്ത് വന്നിരുന്നു. ഇപ്പോൾ പരിഹാസവുമായി അഡ്വ. ജയശങ്കറും ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.
പോസ്റ്റ് വായിക്കാം.
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!
2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.
മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.
മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.
നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു.
ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.
സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.
Post Your Comments