തിരുവനന്തപുരം: പത്തനാപുരം ഭാഗത്തു വച്ചു രക്തഅണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് 48 മണിക്കൂര്‍കൂടി കഴിഞ്ഞേ കൃത്യമായി പറയാനാകൂ. ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും അതു കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മുറിവുണ്ടായിക്കഴിഞ്ഞാല് രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്.
ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. പലതവണ പാമ്ബിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ശരീരത്തില്‍ അതിനുള്ള പ്രതിരോധശേഷി ഉള്ളതാണ് വാവ സുരേഷിന്റെ ജീവന് നിലനിര്‍ത്തുന്നത്. ഇതിനിടെ വാവ സുരേഷിന്റെ പഴയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണു പത്തനാപുരത്ത് ഒരു വീട്ടില്‍നിന്ന് അണലിയെ പിടിക്കാനെത്തിയ വാവ സുരേഷിനു കടിയേറ്റത്. പാമ്പിനെ ചാക്കിലാക്കിയ ശേഷം ചിലര്‍ പാമ്പിനെ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈപ്പത്തിയില്‍ കടിയേറ്റത്.
ഉടന്‍ വാവ സുരേഷ് തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ചു പ്രാഥമിക ചികിത്സ ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.വാവ സുരേഷിനു വളരെ ശ്രദ്ധാപൂര്‍വമാണു ചികിത്സകള്‍ നല്‍കുന്നതെന്നും ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു.
Post Your Comments