ദുബായ് : സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റായിരിയ്ക്കുന്ന അപകടകരമായ പുതിയ ചലഞ്ചിനെ കുറിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി യുഎഇ മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിലാണ് ഇപ്പോള്‍ പുതിയ വെല്ലുവിളി ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുന്നത്.
കുട്ടികളും യുവാക്കളും ഒരു തമാശയായിട്ടാണ് ഈ കളി എടുത്തിരിക്കുന്നതെങ്കിലും വളരെ അപകടം പിടിച്ച ഒന്നാണെന്ന് ഡോക്ടര്‍മാരും യുഎഇ മന്ത്രാലയും ഒരു പോലെ മുന്നറിയിപ്പ് തരുന്നു.
വീട്ടുകാരറിയാതെ സ്കൂളുകളിലും മറ്റുമാണ് ഈ കളി അരങ്ങേറുന്നത്. ഒരു രസത്തിനായി കൂട്ടുകാകുടെ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനു മുകളില്‍ നിന്നാണ് കുട്ടികള്‍ വായുവിലേയ്ക്ക് എടുത്തുചാടുന്നത്. എന്നാല്‍ ഈ സമയം കൂടെയുള്ളവര്‍ കാല് മാറ്റിവെയ്ക്കുകയാണെങ്കില്‍ ഉയര്‍ന്നു പൊങ്ങിയ കുട്ടി താഴേയ്ക്ക് വീഴുന്നത് തല ഇടിച്ചായിരിയ്ക്കും. മുകളില്‍ നിന്ന് ശക്തിയായ കുട്ടി താഴേയ്ക്ക് പതിയ്ക്കുമ്പോള്‍ തല തറയില്‍ വന്നിടിക്കുകയും തലയോട്ടിയ്ക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്യുന്നു. ഇത് മരണത്തിന് കാരണമാകുന്നു. അല്ലെങ്കില്‍ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും കുട്ടിയ്ക്ക് ജീവിതാവസാനം വരെ കിടക്കയില്‍ തന്നെ കഴിയേണ്ടി വരികയും ചെയ്യുന്നു.
ഇത്തരത്തിലുള്ള പല കേസുകളും കാനഡ ഉള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറബ് മാധ്യമങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ ഈ അപകടകരമായ ഈ വെല്ലുവിളി സ്കൂളുകളില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ഒരു നിരീക്ഷണം വേണമെന്ന് സ്കൂളുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments