കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിന് പുല്ലുവില കല്‍പ്പിച്ച് വിപണിയില്‍ ഇപ്പോഴും പ്ലാസ്റ്റിക് കാരിബാഗുപയോഗം തുടരുന്നു. സംസ്ഥാനത്ത് ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് കാരിബാഗുപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുകിടകച്ചവടക്കാരില്‍ പലരും പ്ലാസ്റ്റിക് കാരിബാഗുകളിലും കാഴ്ചയില്‍ തുണിസഞ്ചിപോലെ തോന്നിപ്പിക്കുന്ന നോണ്‍ വൂവണ്‍ പോളിപ്രൊപൈലീന്‍ ബാഗുകളിലുമാണ് ഇപ്പോഴും സാധനങ്ങള്‍ വില്‍ക്കുന്നത്.
എന്തിന് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും സാധനങ്ങള്‍ നല്‍കുന്നത് നിരോധനമുള്ള കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് കാരിബാഗുകളിലാണ്. തുണി, പേപ്പര്‍ കാരിബാഗുകള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നിരിക്കെയാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗം തുടരുന്നത്. ജനുവരി ഒന്നിന് നിലവില്‍വന്ന സര്‍ക്കാര്‍ഉത്തരവില്‍ കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് പരിസ്ഥിതിവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആശുപത്രിമാലിന്യം ശേഖരിക്കാനുള്ള കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി.
കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ 2016-ലെ പ്ലാസ്റ്റിക്മാലിന്യ നിയന്ത്രണനിയമപ്രകാരം, ഐ.എസ്.ഒ. 17088 മാനദണ്ഡപ്രകാരം നിര്‍മിച്ചും നിര്‍മാണവിവരങ്ങളടങ്ങിയ ക്യു.ആര്‍. കോഡ് പതിപ്പിച്ചുമാണ് വിപണിയിലെത്തിക്കുന്നത്. എന്നാല്‍, വിപണിയില്‍നിന്ന് ലഭിച്ച കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് കാരിബാഗുകളിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിച്ചത് കാറുകളുടെ പരസ്യംവരെ. എന്നാല്‍ ബയോഡീഗ്രേഡബിള്‍,കംപോസ്റ്റബിള്‍ എന്ന പേരില്‍ വില്‍ക്കുന്നത് പ്ലാസ്റ്റിക് കവറുകള്‍ തന്നെ.പ്ലാസ്റ്റിക് കവറുകള്‍ ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരക്കാത്തതും ഇത്തരക്കാര്‍ക്ക് അനുകൂലമാകുന്നു.
Post Your Comments