അങ്കമാലി: ലൈഫ് മിഷൻ പദ്ധതിയിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്കായി അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തീകരിച്ച ‘ശാന്തി ഭവനം’ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 4.5 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതു കൂടാതെ കൂടുതൽ പേർക്ക് വീട് ആവശ്യമാണെന്ന യാഥാർഥ്യം തള്ളിക്കളയുന്നില്ല. അത് പിന്നീട് പരിശോധിക്കും. വിവിധ വകുപ്പുകളിലെ ഭവന നിർമ്മാണ പദ്ധതികൾ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലായി ഭവന നിർമ്മാണം പാതിവഴിയിലായവരെയാണ് ആദ്യം പരിഗണിച്ചത്. 54183 കുടുംബങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇതിൽ 96% വും നിർമ്മാണം പൂർത്തിയാക്കി. സാങ്കേതിക തടസങ്ങളുള്ള ഏതാനും വീടുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
സ്വന്തമായി ഭൂമിയുള്ള വീടില്ലാത്ത 91 14 7 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതിൽ 60526 വീടുകളുടെ നിർമ്മാണം പൂർത്തിയായി. അവശേഷിക്കുന്നവയിൽ 90% നിർമ്മാണവും പൂർത്തീകരിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിർമ്മാണം ഉടൻ തന്നെ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. പി.എം.എ.വൈ പദ്ധതിയും ലൈഫ് മിഷനോടൊപ്പം ചേർത്ത് നടപ്പാക്കി വരുന്നു. ഗ്രാമീണ മേഖലയിൽ 17471 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 94% വീടുകളുടെ നിർമ്മാണം പൂർത്തിയായി. പി. എം. എ. വൈ നഗര മേഖലയിൽ 75887 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതിൽ 28334 വീടുകൾ നിർമ്മാണം പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമ്മാണവും ഉടൻ പൂർത്തിയാക്കും.
ഭൂരഹിത , ഭവന രഹിതർക്കായുള്ള ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം ജൂണിനു മുൻപ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ വേഗം നിർമ്മാണം പൂർത്തീകരിക്കാനാകും. ഇതു കൂടാതെ 56 ഫ്ളാറ്റ് സമുച്ചയങ്ങളുടെ വിശദമായി പദ്ധതി രേഖയും പൂർത്തിയായി വരുന്നു.
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത്. അങ്കമാലി നഗരസഭയിൽ 366 വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ നിഷ്കർഷിക്കുന്നത്. മഴയ്ക്കു മുൻപ് ജലസ്രോതസുകൾ വൃത്തിയാക്കണം. ഒരു കോടി വൃക്ഷത്തൈകളാണ് സംസ്ഥാനത്തുടനീളം നടേണ്ടത്. സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയാണ്. പ്രാദേശിക വികസനത്തിന്റെ ആകെ തുകയാണ് സംസ്ഥാന വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി നഗരസഭ 21-ാം വാർഡിലെ പി.എം.എ.വൈ പദ്ധതി ഗുണഭോക്താവ് കുഞ്ഞുമോൾ- രാജൻ കൂട്ടാല ദമ്പതികൾ മുഖ്യമന്ത്രിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ഒൻപതാം വാർഡിലെ ലൈഫ് ഗുണഭോക്താവ് റോസി പാപ്പുവും വേദിയിൽ താക്കോൽ ഏറ്റുവാങ്ങി. ഫ്ളാറ്റ് നിർമ്മിക്കാനുള്ള സ്ഥലം വിട്ടു നൽകിയ മേനാച്ചേരി പാപ്പു – ഏല്യാ പാപ്പു ദമ്പതികളുടെ മകൻ എം.ഡി ജോസ് മേനാച്ചേരി, മേരി സിറിയക് എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി അനുമോദിച്ചു.
അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്. 11-ാം വാര്‍ഡില്‍ മേനാച്ചേരി പാപ്പു – ഏല്യാ പാപ്പു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത് . 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിർമ്മാണം. 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 12 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്.
ഭൂരഹിത ഭവന രഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ കൈമാറുുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളളവർക്കും ഫ്ലാറ്റ് നിർമ്മിച്ച് നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
Post Your Comments