കോഴിക്കോട് : മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്‌എഫിലെ കൂട്ടത്തല്ലിനു പിന്നാലെ മലപ്പുറത്ത് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് കൂട്ടത്തോടെ രാജിക്കത്ത് നല്‍കി.സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പാണക്കാട് തങ്ങള്‍ കുടുംബം സംഘടനയുടെ ഭരണഘടന അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൂട്ടമായി രാജിക്കത്ത് നല്‍കിയത്. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചയാളെ കൗണ്‍സില്‍ നിരാകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ നവാസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു സാദിഖലി തങ്ങളുടെ നിര്‍ദേശം. എന്നാല്‍ നവാസ് പ്രവര്‍ത്തന രംഗത്ത് സജീവമല്ലെന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് വേണമെന്നും ഒരുവിഭാഗം കര്‍ശന നിലപാടെടുത്തു. മാത്രമല്ല, യൂത്ത് ലീഗിലേക്ക് മാറിയവരെ എംഎസ്‌എഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ 10ലേറെ ജില്ലാ കമ്മിറ്റികളും എതിര്‍ക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റികളും സംസ്ഥാന ഭാരവാഹികളും സാദിഖലിയുടെ പാനലിനെ എതിര്‍ക്കുകയും പുതിയ പാനല്‍ രൂപീകരിക്കുകയും ചെയ്തു.
ഒടുവില്‍ തീരുമാനം കൗണ്‍സില്‍ വോട്ടെടുപ്പിന് വിട്ടതോടെ സാദിഖലി തങ്ങള്‍ എതിര്‍ത്തത് രൂക്ഷമായ തര്‍ക്കത്തിനും ബഹളത്തിനും കാരണമായിരുന്നു. ഇതിനു പിന്നാലെ പരസ്യ പ്രതികരണവുമായി ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹഫ്സമോള്‍ രംഗത്തെത്തുകയും ചെയ്തു. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണെന്ന് ഹഫ്സമോള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം എംഎസ്‌എഫ് ജില്ലാ നേതാവിനെതിരെ നടപടിയെടുക്കാന്‍ മുസ്ലീം ലീഗ് കമ്മറ്റിക്ക് അവകാശമില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ നേതാക്കള്‍ക്കെതിര നടപടിയെടുക്കാന്‍ എംഎസ്‌എഫിന്റെ സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റിക്കും മാത്രമാണ് അധികാരമെന്നും ഇവര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതൃത്വം വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പിന്നീട് മലപ്പുറം ജില്ലാകമ്മിറ്റി നടപടിയെടുത്തതോടെ കൂടുതല്‍ വഷളായി. മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നാരോപിച്ച് എംഎസ്‌എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം വിശദീകരണം തേടാതെ സ്ഥാനത്ത് നിന്ന് നീക്കിയതായി പാര്‍ട്ടി മുഖപത്രത്തിലൂടെ അറിയിച്ചു.
എന്നാല്‍ എംഎസ്‌എഫ് ജില്ലാ പ്രസിഡന്റിനെ നീക്കാന്‍ എംഎസ്‌എഫ് സംസ്ഥാന സമിതിക്കാണ് അധികാരമെന്നും ലീഗ് ജില്ലാ നേതൃത്വത്തിന് അധികാരമില്ലെന്നും പറഞ്ഞ് ഒരുവിഭാഗം പ്രതിഷേധവുമായെത്തി. ലീഗ് ജില്ലാ കമ്മിറ്റിയുടെ ഇത്തരം നടപടിയില്‍ പ്രതിഷേധിച്ചാണ് 9 ജില്ലാ ഭാരവാഹികള്‍ രാജിക്കത്ത് നല്‍കിയത്.
Post Your Comments