പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് അറസ്റ്റില്‍. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് മുംബൈയിലെ ചൈത്യഭൂമിയില്‍ അവസാനിക്കുന്നവിധമായിരുന്നു പ്രധിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും വഴിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി പ്രീതിശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് അധികാരത്തിലുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും എന്‍ആര്‍സിക്കും സിഎഎയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലോങ്‌മാര്‍ച്ച് പോലീസ് തടഞ്ഞുവെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു.
സിഎഎയ്ക്കും എന്‍ആര്‍സിയ്ക്കുമെതിരെ പ്രസംഗിക്കുകയും എന്നാല്‍ പ്രവൃത്തിയില്‍ ബിജെപി സര്‍ക്കാരിനെ അനുകരിക്കുകയും ചെയ്യുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇതിന് മറുപടി പറയണം. അറസ്റ്റില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Post Your Comments