Latest NewsIndiaNews

ഷഹീന്‍ബാഗ് മോഡല്‍ സമരത്തിന് വേദിയായി വടക്കന്‍ ചെന്നൈയിലെ തെരുവുകള്‍

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ബാഗ് മോഡല്‍ സമരത്തിന് വേദിയായി വടക്കന്‍ ചെന്നൈയിലെ തെരുവുകള്‍. ഇന്നലെ വൈകിട്ടോടെ അപ്രതീക്ഷിതമായി തുടങ്ങിയ സമരം അര്‍ദ്ധരാത്രി പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായി തുടങ്ങിയ സമരം പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇന്നലെ വൈകിട്ട് നഗരത്തിലെ വാഷര്‍മാന്‍പേട്ടില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ച്, പ്രതിഷേധം പിരിച്ച് വിടാന്‍ ശ്രമിച്ചത് സ്ഥിതി വഷളാക്കി. അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജില്‍ ഒരു വൃദ്ധന്‍ മരിച്ചെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ പൊതുവെ സിഎഎ വിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലും, പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ സമരത്തിന് പിന്തുണയുമായി എത്താന്‍ സാധ്യതയുള്ളതിനാലും, ഇതൊരു ഷഹീന്‍ ബാഗ് മോഡല്‍ സമരമായി മാറുന്നത് തടയാനാണ് പൊലീസും അണ്ണാ ഡിഎംകെ സര്‍ക്കാരും ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. അണ്ണാ ഡിഎംകെ പാര്‍ലമെന്റില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തിരുന്നതാണ്. ബിജെപിയുടെ ബി ടീമായി, നിഴല്‍ സര്‍ക്കാരായി അണ്ണാഡിഎംകെ മാറിയെന്ന ഡിഎംകെയുടെ ആരോപണത്തിന് ഇതോടെ ശക്തിയേറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി, പൊലീസിനോ ഇന്റലിജന്‍സിനോ ഒരു സൂചനയും നല്‍കാതെ, പെട്ടെന്ന് ഇത്തരമൊരു പ്രതിഷേധം വടക്കന്‍ ചെന്നൈ തെരുവുകളില്‍ ഉണ്ടായിരിക്കുന്നത്.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന്, സംസ്ഥാനസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും പ്രമേയം പാസ്സാക്കണം. രണ്ട്, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നല്‍കണം. മൂന്ന്, സിഎഎ പിന്‍വലിക്കണം.

മൗണ്ട് റോഡ്, വാഷര്‍മാന്‍പേട്ട് എന്നിവിടങ്ങളില്‍ ഇപ്പോഴും സമരം തുടരുകയാണ്. ദേശീയപതാകകളേന്തി നിരവധിപ്പേര്‍ ഇപ്പോഴും സമരവേദിയിലെത്തുന്നു. ഷഹീന്‍ ബാഗിലേത് പോലെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തിത്തന്നെയാണ് വാഷര്‍മാന്‍പേട്ടിലും സമരം നടക്കുന്നത്. വന്‍തോതില്‍ യുവാക്കളും സമരത്തിന് രാത്രി പിന്തുണയുമായെത്തി. ഇനിയും സമരം തുടരുമെന്ന് തന്നെയാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.

സമരം നടക്കുന്ന വേദികളില്‍ രാത്രി മുഴുവന്‍ ‘ആസാദി’ വിളികളുയര്‍ന്നു. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറടക്കംപല വേദികളിലും നേരിട്ടെത്തി സമരക്കാരെ അനുനയിപ്പിച്ച് തിരിച്ച് അയക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. സിഎഎയ്ക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പറയുംവരെ സമരം തുടരുമെന്ന് സമരക്കാരും വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button