ന്യൂജെഴ്സി: ഫ്ലോറന്‍സ് സെന്റ് പോള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്ന് ആറ് ലക്ഷത്തോളം ഡോളര്‍ (ഏകദേശം 40 കോടിയോളം രൂപ) മോഷ്ടിച്ച പള്ളി സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടില്‍ തിരിമറി നടത്തി കൈക്കലാക്കിയ പണം കൊണ്ട് വിവാഹത്തിനും ആര്‍ഭാട ജീവിതത്തിനുമായാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
561,777.00 ഡോളറാണ് സഭയുടെ അക്കൗണ്ടില്‍ തിരിമറി നടത്തി മോഷ്ടിച്ചത്. മോഷണം, വഞ്ചന മുതലായ 13 കുറ്റങ്ങള്‍ ചുമത്തിയാണ് ഫ്ലോറന്‍സിലെ സെന്റ് പോള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന തയ്ഷാ ഡി. സ്മിത്ത് ഡിജോസെഫിനെ (43) അറസ്റ്റു ചെയ്തതെന്ന് ബര്ലിംഗ്ടണ് കൗണ്ടി പ്രൊസിക്യൂട്ടര്‍ സ്കോട്ട് കോഫിന പറഞ്ഞു.
പള്ളിയുടെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ട് സംശയം തോന്നി പള്ളി അധികൃതര്‍ പ്രൊസിക്യൂട്ടറുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.
സഭയുടെ ധനകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന സ്മിത്ത് ഡിജോസെഫ് സഭയുടെ പേരില്‍ ഇലക്ട്രോണിക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച അഞ്ച് വര്‍ഷത്തെ കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന ഫണ്ടുകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് കോഫിന പറഞ്ഞു.
സ്മിത്ത് ഡിജോസെഫ് വര്‍ഷങ്ങളോളമായി ആഢംബര ജീവിതം നയിക്കുകയായിരുന്നു. പള്ളിയിലെ ജോലി മതിയാക്കി പോയതിനുശേഷമാണ് കണക്കുകളിലെ തിരിമറികള്‍ അധികൃതര്‍ കണ്ടുപിടിച്ചത്. 500 ലധികം പ്രാവശ്യമാണ് ബാങ്കിലെ അക്കൗണ്ടില്‍ തിരിമറി നടത്തിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സ്മിത്ത് ഡിജോസെഫ് സ്വന്തം ശമ്പള ചെക്ക്, റീഇംബേഴ്സ്മെന്റ് ചെക്കുകള്‍ മുതലായവയിലൂടെ പണം അപഹരിക്കുകയും അവ മറച്ചു വെയ്ക്കാന്‍ വ്യാജ സ്റ്റേറ്റ്മെന്റുകളും മറ്റും തയ്യാറാക്കിയിരുന്നതായും കോഫിന പറഞ്ഞു.
തന്റെ വിവാഹം ആര്‍ഭാടമാക്കാനാണ് കൂടുതലും പണം ചിലവഴിച്ചത്. കൂടാതെ, കാര്‍ ലോണ്‍, വീട്ടു വാടക, ക്രഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍, സെല്‍ഫോണ്‍ ബില്ലുകള്‍, സാറ്റലൈറ്റ് ടെലിവിഷന്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയ്ക്കും പണം ചിലവഴിച്ചതായി കണ്ടെത്തി.
2014, 2015, 2016, 2018 വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുകയും 2017-ല്‍ വ്യാജ റിട്ടേണ്‍ ഫയല്‍ ചെയ്തതു വഴി സര്‍ക്കാരിനെ കബളിപ്പിച്ചതായും പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. 2014 മുതല്‍ 2018 വരെ ഉചിതമായ നികുതി അടയ്ക്കുന്നതിലും സ്മിത്ത് ഡിജോസെഫ് വീഴ്ച വരുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മൊയ്തീന് പുത്തന്‍ചിറ
Post Your Comments