കവിത തുളുമ്പുന്ന വരികൾ കാലത്തിനപ്പുറത്ത് പ്രണയഹൃദയങ്ങളെ തൊട്ടത് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ സംഗീത ആൽബങ്ങളിലൂടെയാണ്. ഒരു തലമുറയെ തന്നെ പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഒരു പിടി ഗാനമലരുകൾ പൊഴിച്ച പ്രണയത്തിന്റെ നറുമണം നുകരാതെ ഒരു പ്രണയദിനത്തിനും കടന്നുപോകാനാകില്ല. ക്യാമ്പസുകൾ കടുത്ത റൊമാന്റിക് കാലഘട്ടം വിട്ട് യാഥാർത്ഥ്യങ്ങളുടെ പൊരുളുകൾ തേടിതുടങ്ങിയ തൊണ്ണൂറുകളുടെ അവസാനത്തിലും പുത്തൻ പ്രതീക്ഷകൾ വാരിയണിഞ്ഞ രണ്ടായിരമെന്ന മില്ലെനിയം സ്റ്റാറിന്റെ വരവിൽ തുള്ളിത്തുളുമ്പുന്ന കാലത്തിലാണ്. പ്രണയദിനത്തെ കൗമാരം ആവേശത്തോടെ വാരിപ്പുണരുന്ന കാലം.
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനമുള്ള പുതിയ കാലത്തേക്ക് ചുവടുവെക്കുന്ന കൗമാര-യൗവ്വനഹൃദയങ്ങളെ മുന്നിൽക്കണ്ടുക്കൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന സംഗീതത്തെ വല്ലാതെ സ്നേഹിക്കുന്ന മനുഷ്യൻ നിനക്കായ്, ആദ്യമായ് ,ഓർമ്മയ്ക്കായ് എന്ന പേരിൽ പ്രണയഗാനങ്ങളടങ്ങിയ ആൽബങ്ങളുടെ സീരീസ് ഇറക്കുന്നു. പിന്നെ നടന്നത് ചരിത്രം! സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ ആ കാലത്ത് മലയാളിമനസ്സിൽ അനുരാഗത്തിന്റെ മകരമഞ്ഞ് പൊഴിച്ചിരുന്നു.സ്വരക്കൂട്ടുകൾക്കും വാക്കുകൾക്കുമിടയിൽ ഒരായിരം ഓർമകൾ പേറുന്ന അവയെ നിനക്കായ്, ആദ്യമായ്, ഓർമ്മയ്ക്കായ് എന്ന ആൽബത്തിനുള്ളിൽ ഭംഗിയായി അടുക്കി വയ്ക്കാൻ ഈസ്റ്റ് കോസ്റ്റ് ബാനറിനുകഴിഞ്ഞു .ഇരുപതാണ്ടുകൾക്കിപ്പുറവും പ്രണയമെന്ന മൂന്നക്ഷരങ്ങൾക്ക് ഗാനം കൊണ്ട് നിർവചനം നടത്തുന്ന പ്രണയികൾക്ക് അനുഭൂതി പകർത്താൻ ആ ഗാനങ്ങൾക്ക് കഴിയുന്നുവെങ്കിൽ അതിനർത്ഥം ഒന്നേയുള്ളു! ഈസ്റ്റ്കോസ്റ്റ് ആൽബങ്ങളിൽ പാട്ട് ഒരു ലായകവും പ്രണയം അതിൽ ലയിച്ച ലായനിയുമാകുന്നു!
ഇന്നലെകളിലെ ആ പ്രണയത്തെ ഹൃദയത്തിന്റെ രഹസ്യ അറയ്ക്കുള്ളിലെ ചില്ലുഭരണിക്കുള്ളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പ്രണയികൾ ഇന്ന് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കും! ചില്ലുഭരണികളിലെ ആ ഓർമ്മത്തുരുത്തുകളിൽ പൂമണമൊഴുകുന്നുണ്ട് അല്ലേ? ആ വഴികളിൽ, സന്ധ്യകളിൽ, രാത്രികളിൽ, അവയുടെ വളവുതിരിവുകളിലൂടെ യാമങ്ങളിൽ നിന്ന് യാമങ്ങളിലേയ്ക്ക് ആ പ്രണയത്തിന്റെ ഗന്ധങ്ങൾ വരികളായി നിങ്ങൾക്ക് മുന്നിൽ ചുറ്റിത്തിരിയുന്നില്ലേ? പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും ഗൃഹാതുരതയുടെയും ഗന്ധങ്ങൾ.! അലാവുദീന്റെ അത്ഭുതവിളക്കിൽ തലോടുമ്പോൾ അതിൽ നിന്ന് പരക്കുന്ന പുക പോലെ ആത്മാവിന്റെ ഉള്ളറകളിൽ ഒരു പാട്ട് രഹസ്യനീക്കം നടത്തുന്നു.ഒഴുകുന്ന പാട്ടിൽ നിന്ന് ഒരുതുള്ളി പ്രണയം മൊത്തികുടിക്കാൻ ഓരോ കാമുകഹൃദയവും ഇപ്പോൾ കൊതിക്കുന്നുണ്ടാവും. !രണ്ടായിരത്തിലെ പ്രണയികൾ ആദ്യമായി ഈ പാട്ട് കേട്ടപ്പോഴും കണ്ടപ്പോഴും അനുഭവിച്ച അതേ അനുഭൂതിയോടെ ഇന്നത്തെ കൗമാര -യൗവ്വനങ്ങൾക്കൊപ്പം ഇരുപതുകൊല്ലം മുമ്പത്തെ യുവത്വങ്ങളും ഇന്ന് ഈ പാട്ടിനെ തേടിയെത്തും. വരികളിലും കോമ്പോസിഷനിലും ഓർക്കസ്ട്രേഷനിലും ആലാപനത്തിലുമുള്ള, തന്റെ മാത്രം സവിശേഷ അനുഭവ അനുഭൂതികളാൽ, മറ്റ് പ്രണയഗാനങ്ങളെയൊക്കെ സാക്ഷിയാക്കി, മലയാളത്തിലെ നഷ്ടപ്രണയഗാനങ്ങളുടെ സിംഹാസനത്തിൽ, പകരം വയ്ക്കാനില്ലാത്ത രാജാവിനെപ്പോലെ കിരീടം വച്ച് വിരാജിക്കുകയാണ് ഓർമ്മയ്ക്കായി ഇനിയൊരു സ്നേഹഗീതം!
ഒരു പാട്ട് കേട്ടതിന്റെ ലഹരിയിൽ തല പെരുത്ത് വീണ്ടും വീണ്ടും കേട്ടു നോക്കുന്നുണ്ടോ നിങ്ങളെന്ന പ്രണയി? കേൾവിയുടെ നാഡികളിലേയ്ക്ക് പടരുന്ന പ്രണയത്തിന്റെ തരിപ്പ് അനുഭവിക്കാനിഷ്ടപ്പെടുന്ന പ്രണയികൾ ഇന്നത്തെ ദിനം പലകുറി ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന പാട്ടാണ് ഇനിയാർക്കും ആരോടും തോന്നാത്തതെന്തോ,അതാണെൻ സഖിയോടെനിക്കുള്ളത്. യേശുദാസ് തന്റെ അരം വച്ച സ്വരത്തിൽ, ഘനത്തിൽ, പാടുകയാണ് നിറതിങ്കൾ മാനത്ത് ചിരി തൂകി നില്ക്കുമ്പോൾ എന്നിങ്ങനെ. ഈസ്റ്റ് കോസ്റ്റ് വിജയൻ അസാമാന്യമായി തന്റെ സർഗാത്മകത വിനിയോഗിച്ചിട്ടുണ്ട് പാട്ടെഴുത്തിൽ. സ്വരത്തിൽ തന്നെ ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും ലഹരിപിടിച്ച ഒരു തിരതള്ളൽ ഈ പാട്ടിൽ നമുക്കനുഭവിക്കാൻ കഴിയും. മാന്ത്രിക വേദിയിലെ ഹൗഡിനിയേപ്പോലെ വെസ്റ്റേണും നാടനും ഒക്കെ കൂട്ടിക്കുഴച്ച് അത്യപൂർവ്വ, അതിമാരക കമ്പോസിഷൻ സൃഷ്ടിച്ച്, ഓർക്കസ്ട്രയെ എടുത്ത് അമ്മാനമാടുന്ന ബാലഭാസ്ക്കർ നോവുന്ന പൊള്ളുന്ന ഒരു ഓർമ്മയായി മാറുന്ന പാട്ട്. ചിറപൊട്ടിക്കാൻ വെമ്പുന്ന വെള്ളത്തിന്റെ തള്ളൽ പോലെ പ്രണയത്തിന്റെ ഒരു തിക്കൽ സിരകളിൽ നിറയ്ക്കാൻ ഈ പാട്ടിനല്ലാതെ മറ്റെന്തിനാണ് കഴിയുക?
ഈ പ്രണയദിനത്തിൽ ഒരു ഫുൾ പാക്കേജ് ഫീൽ വേണമെന്നുള്ളവർക്കായിട്ടുള്ളതാണ് ഈ പാട്ട്. ഇഷ്ടം എന്നത് പ്രണയമാണോ? ഒന്നിനുമല്ലാതെ എന്തിനോ എങ്ങനെയോ തോന്നിയ ഇഷ്ടം പ്രണയമാകുമോ? പ്രത്യേക പാട്ട് എന്ന് പറയുമ്പോൾ, അതിന്റെ വരികൾ, സംഗീതം, ആലാപനം, വിഷ്വലൈസേഷൻ എന്നിവയത്രയും ചേർന്ന ഫുൾ പാക്കേജാണ് ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടമെന്ന പാട്ട്. കേൾക്കാൻ സുഖമുള്ള ഒരു എവർഗ്രീൻ സോംഗിനപ്പുറം എന്താണിതിന്റെ പ്രത്യേകത എന്നല്ലേ. ? അതിനു ആ പാട്ടിന്റെ സാഹചര്യം ആദ്യം വിഷ്വൽ ആയി കാണിക്കുന്നുണ്ട്.നായകനും നായികയും കണ്ടുമുട്ടുന്നതും പിന്നീട് ഒന്നിനുമല്ലാതെ തോന്നിയ ഇഷ്ടം ഏറ്റവും ദിവ്യമായ പ്രണയമായി മാറുന്നതും ഭംഗിയായി റെൻഡർ ചെയ്തതിനൊപ്പം ആലാപനവും വരികളും സംഗീതവും ഒന്നിനൊന്ന് മേലെയായി പെയ്തിങ്ങുന്നു. “മനസ്സിലെ നവരത്നവിളക്കിൽ നീ കൊളുത്തി മധുരസ്മരണതൻ തിരികൾ” ! ഈസ്റ്റ് കോസ്റ്റ് വിജയനെന്ന കവി പലരെയും വിസ്മയിപ്പിച്ചിട്ടുള്ള ഒരു വാക്ക് ഈ വരികളിലുണ്ട്. അതാണ് നവരത്നവിളക്ക്! നവരത്നം നമുക്ക് അപരിചിതമായ വാക്കോ സങ്കൽപ്പമോ അല്ല.അതുപോലെ തന്നെയാണ് വിളക്കും. എന്നാൽ നോക്കൂ, വിജയനെന്ന കവി അത് രണ്ടും ചേർത്തുവെച്ച് ഇതുവരെ പരിചിതമല്ലാത്ത ഒരു വാക്ക്, ഒരു സങ്കല്പം മുൻപോട്ട് വയ്ക്കുകയാണ്. വിളക്ക് എന്നത് വെളിച്ചത്തിന്റെ, സൗന്ദര്യത്തിന്റെ, കാഴ്ചയനുഭവത്തിന്റെ, പ്രതീക്ഷയുടെ, പോസിറ്റിവിറ്റിയുടെ സങ്കൽപ്പമാണ്. അവിടെയാണ് നവരത്നങ്ങളെ കൂടെ ചേർത്തുവച്ചത്! നവരത്നങ്ങൾ പോലെ മിന്നുന്ന,അമൂല്യമായ ഒന്നാണ് നിന്റെ മധുരസ്മരണകളെന്നാണ് ആ വരികളിലൂടെ കവി വരച്ചുകാട്ടുന്നത്.
Post Your Comments