KeralaLatest NewsNews

ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം ; അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ 24 മണിക്കൂറിനുള്ളില്‍ കോടതി വിധി

കൊച്ചി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരായ കേസില്‍ കോടതി 24 മണിക്കൂറിനുള്ളില്‍ വാദം കേട്ട് ശിക്ഷ വിധിച്ചു. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ് കഴിഞ്ഞ രാത്രിയില്‍ പിടിയിലായത്. അഞ്ചു ദിവസത്തെ തടവിനും 10100 രൂപ വീതം പിഴയും ഈടാക്കാനാണ് എറണാകുളം റെയില്‍വേ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

അതേ സമയം ആരും പിഴയടയ്ക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേയ്ക്ക് അയച്ചു. റെയില്‍വേസ് ആക്ട് 1989 പ്രൊവിഷന്‍സ് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്. ട്രാന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളൊ കൃത്യമായ മേല്‍വിലാസമൊ ഇല്ലാതെയാണ് ഇവിടെ തങ്ങിയിരുന്നത് എന്നതിനാല്‍ ജാമ്യത്തില്‍ വിട്ടാല്‍ തുടര്‍നടപടികള്‍ക്ക് കോടതിയില്‍ ഹാജരാക്കുക പ്രയാസമാകും. ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ കോടതി കേസ് പിന്നത്തേയ്ക്കു വയ്ക്കാതെ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷ വിധിക്കുന്നത് അപൂര്‍വ സംഭവമാണെന്ന പ്രത്യേകതയുണ്ട്.

എറണാകുളം മുതല്‍ തൃശൂര്‍ വരെയുള്ള ട്രെയിനില്‍ രാത്രികളില്‍ സ്ഥിരം ശല്യക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പരാതി ഉയര്‍ന്നു തുടങ്ങിയിട്ട് ആഴ്ചകളായി. മലയാളികളെ കാര്യമായി ശല്യപ്പെടുത്താറില്ലാത്ത ഇവര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയിട്ടുള്ളവരെ ക്രൂരമായി മര്‍ദിച്ചും അസഭ്യവാക്കുകള്‍ പറഞ്ഞും പണം പിരിക്കുന്നതായിരുന്നു പതിവ്. റിസര്‍വേഷന്‍ എടുത്ത് യാത്ര ചെയ്യുന്നവരുടെ ബെര്‍ത്ത് കയ്യേറിയിരുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ ആക്രമണം ശക്തമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ് പരാതിയുമായി റെയില്‍വേ പൊലീസിനെ സമീപിച്ചത്. ഇവര്‍ ട്രെയിനില്‍ സൂചി ഉപയോഗിച്ച് ആളുകളെ കുത്തുന്നതിന്റെ വിഡിയോ തെളിവു സഹിതമാണ് പരാതി നല്‍കിയത്. എച്ച്‌ഐവി, കൊറോണ തുടങ്ങിയ പകര്‍ച്ച വ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൂചി ഉപയോഗിച്ചു കുത്തുന്നതു രോഗങ്ങള്‍ പടരാന്‍ സാധ്യത വര്‍ധിപ്പിക്കും.

വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ബബ്‌ലി(23), ചുങ്കി(25), ആസാം സ്വദേശികളായ പ്രിയങ്ക(28), സജ്‌ന(25), ബര്‍ശ്രിനിന(39), കജോള്‍(20), സ്വപ്ന(20) എന്നിവര്‍ക്കെതിരെയാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button