ന്യൂഡല്‍ഹി: ആകാശ സുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ പാകിസ്താന്‍ ആശങ്ക പ്രകടിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം (ഐഎഡിഡബ്ലുഎസ്) സംവിധാനമാണ് ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് കൈമാറുന്നത്.
5000 കോടി ചിലവുവരുന്ന ആകാശ പ്രതിരോധ സംവിധാനമാണിത്. കരയിലും കടലിലും ആകാശത്തും ഒരു പോലെ സുരക്ഷ നല്‍കുന്ന ശക്തമായ പ്രതിരോധ കവചമാണ് ഇതുവഴി സ്ഥാപിക്കപ്പെടുന്നത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗിക പത്രക്കുറിപ്പുവഴിയാണ് അയല്‍രാജ്യമായ ഇന്ത്യക്കായി പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ അറിഞ്ഞതെന്ന് പാകിസ്താന്‍ വിദേശകാര്യ വകുപ്പ് വക്താവ് അയിഷ ഫറൂഖി മാധ്യമങ്ങളോടായി പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് കനത്ത ഭീഷണിയുള്ളതിനാല്‍ അമേരിക്കയുടെ സഹായം ഇന്ത്യ ‘ദുരുപയോഗം’ ചെയ്യുമെന്നാണ് പാകിസ്താന്റെ ആരോപണം. അതീവഗുരുതരമായ സാഹചര്യത്തില്‍ ആയുധങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. മാത്രമല്ല ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ തന്ത്രപരമായ സഹകര ണത്തിനും ഇത്തരം അമിതമായ സഹായം ദോഷം ചെയ്യും. അത് പാകിസ്താന്റെ സുരക്ഷയെ ബാധിക്കുമെന്നും ഫരൂഖി പറഞ്ഞു.
തങ്ങള്‍ക്കെതിരെ ഇന്ത്യയുടെ ആക്രാമികമായ നയങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്രസമൂഹം ശരിക്കും ബോധവാന്മാരാണ്. ഇന്ത്യയുടെ രാഷ്ട്രീയ-പ്രതിരോധ നേതൃത്വം തങ്ങള്‍ക്കെതിരെ അടിക്കടി നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളും പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്’ ഫറൂഖി സൂചിപ്പിച്ചു.
Post Your Comments