ന്യൂഡല്‍ഹി: പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടെറി) മുന്‍ മേധാവിയും ഡയറക്ടര്‍ ജനറലുമായിരുന്ന രാജേന്ദ്രകുമാര്‍ പച്ചൗരി എന്ന ആര്‍.കെ. പച്ചൗരി (79) അന്തരിച്ചു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന പാനല്‍ (ഐ.പി.സി.സി.) 2007-ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയത് പച്ചൗരി ചെയര്‍മാനായി സേവനം അനുഷ്ഠിക്കുമ്ബോഴായിരുന്നു. 2001-ല്‍ പദ്മഭൂഷണും 2008-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
1940 ഓഗസ്റ്റ് 20-ന് ഉത്തരാഖണ്ഡിലെ നൈനിത്താളില്‍ ജനിച്ച അദ്ദേഹം ലഖ്‌നൗവിലും ജംഷേദ്പുരിലെ ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ്ങിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വാരാണസിയിലെ ഡീസല്‍ ലോക്കോ വര്‍ക്ക്സില്‍ ജോലി ആരംഭിച്ചു. 1972-ല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലൈന സര്‍വകലാശാലയില്‍നിന്ന് എം.എസും 1974-ല്‍ ഡോക്ടറേറ്റും നേടി. ഭാര്യ: സരോജ് പച്ചൗരി. മക്കള്‍: രശ്മി, സോനാലി.
Post Your Comments