ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരടക്കം 3500 ലേറെ പേരുമായി യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി.
കപ്പലിലെ ജീവനക്കാരനായ ബിനയ് കുമാർ സർക്കാർ കഴിഞ്ഞദിവസം സഹായമഭ്യർഥിച്ചു ഫെയ്സ്ബുക്കിൽ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തപ്പോഴാണ് കപ്പലിൽ ഇന്ത്യക്കാരുണ്ടെന്ന വിവരം പുറത്തുവന്നത്. ഡയമണ്ട് പ്രിൻസസ് കപ്പലിലെ സുരക്ഷാ ഓഫീസറായ സൊണാലി ഠാക്കൂർ, വിഡിയോ കോളിലൂടെയാണ് സഹായം അഭ്യർഥിച്ചത്. ഐസലേഷനിലാണ് കഴിയുന്നതെങ്കിലും കൊറോണ ബാധിതരുടെ എണ്ണം പെരുകുന്നതിനാൽ ഭീതിയിലാണ് സൊണാലി ഉൾപ്പെടെയുള്ളവർ.
‘കപ്പലിലുള്ളവരിൽ വൈറസ് ബാധ പടരുകയാണ്. യാത്രക്കാരിൽ കൊറോണ പരിശോധന നടത്തിയതിന്റെ ഫലങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു. അതിവേഗം പകരുന്ന വൈറസ് ഞങ്ങളെയും ബാധിക്കാനിടയുണ്ട്. ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല. കേന്ദ്ര സർക്കാർ ഇടപെട്ട് ഞങ്ങളെ നാട്ടിലെത്തിച്ച് അവിടെ ഐസലേഷനിൽ കഴിയാൻ അവസരമൊരുക്കണം. അല്ലെങ്കിൽ കൊറോണ സംബന്ധിച്ച പരിശോധനകൾ വേഗത്തിലാക്കുന്നതിന് മെഡിക്കൽ സംഘത്തെ നിയോഗിക്കുകയെങ്കിലും ചെയ്യണം’ –സൊണാലി ഠാക്കൂർ അഭ്യർഥിച്ചു..
തന്റെ അവസ്ഥ സംബന്ധിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചെന്നും സൊണാലി പറഞ്ഞു. ‘രാവും പകലും അവർ എനിക്കു വേണ്ടി പ്രാർഥിക്കുകയാണ്. അതു മാത്രമാണ് അവർക്ക് അവിടെ നിന്നു ചെയ്യാൻ കഴിയുന്നത്. മനസാന്നിധ്യം നഷ്ടപ്പെടാതെ ശുഭപ്രതീക്ഷയോടെ കാത്തിരിക്കണമെന്നാണ് എന്റെ മാതാപിതാക്കളോട് പറയാനുള്ളത്. നിങ്ങളുടെ മകൾ എത്രയും വേഗം മടങ്ങിയെത്തും’ –സൊണാലി പറഞ്ഞു. അതേസമയം, 160 ജീവനക്കാർ ഇന്ത്യക്കാരാണെന്നാണ് ബിനയ് പറഞ്ഞത്. ടോക്കിയോയിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.
ഡയമണ്ട് പ്രിൻസസ് കപ്പലിലെ യാത്രക്കാർക്ക് ഫെബ്രുവരി നാലാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കപ്പലിൽ ഉള്ളവരിൽ ആകെ 174 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാഴ്ചത്തേക്ക് കപ്പൽ കരയിലടുക്കാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
Post Your Comments