കൊല്ലം:കൊല്ലം ശങ്കേഴ്സ് ആശുപത്രി അടച്ചു പൂട്ടാനൊരുങ്ങുന്നു. എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെയര്‍മാനായ ആശുപത്രിയാണ് ശങ്കേഴ്സ് ആശുപത്രി. എസ്. എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള പഴക്കം ചെന്ന കേരളത്തിലെ ആശുപത്രികളില്‍ .ഒന്നാണിത്.കൊല്ലത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി ഈ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇത് അടച്ചു പൂട്ടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്.
കൊല്ലം നഗരത്തില്‍ പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നിന്നിരുന്ന ശങ്കേഴ്സ് ആശുപത്രി സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്മെന്റ് കൊല്ലം ലേബര്‍ ഓഫീസര്‍ക്കു നല്കിയ കത്തിലൂടെയാണ് ആശുപത്രി അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നിലവിലുള്ള ജീവനക്കാരില്‍ 25 ശതമാനം പേരെയെങ്കിലും ഉടന്‍ പിരിച്ചു വിടേണ്ടി വരുമെന്നാണ് കത്തിലൂടെ ലേബര്‍ കമ്മീഷണറെ അറിയിച്ചിരിക്കുന്നത്. കത്തില്‍ പറയുന്നതിങ്ങനെ ആശുപത്രി കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2018 നെ അപേക്ഷിച്ച് കിടത്തി ചികിത്സയ്ക്കുള്ള രോഗികള്‍ 20 ശതമാനം മാത്രമാണ്.
സ്ത്രീ രോഗ ബ്ലോക്ക് അടക്കം ആശുപത്രിയുടെ അഞ്ചു നിലകള്‍ പൂര്‍ണ്ണമായി അടച്ചു പൂട്ടിക്കഴിഞ്ഞു. അതായത് 50 ശതമാനം വാര്‍ഡുകളും നിറുത്തിക്കഴിഞ്ഞു. ഇക്കാരണത്താല്‍ 25 ശതമാനം ജീവനക്കാരെയെങ്കിലും പിരിച്ചു വിടേണ്ടി വരും. അല്ലാത്തപക്ഷം ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരാകും.പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തങ്ങള്‍ തയാറാക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ് നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെ ഈ പട്ടിക സമര്‍പ്പിക്കും. ആശുപത്രിയുടെ അവസ്ഥ മെച്ചപ്പെടുത്താനാകുമോ എന്ന് ഈ മാസം കൂടി ശ്രമിച്ചു നോക്കും. ജീവനക്കാരുടെ പട്ടികയടക്കം ഈ മാസാവസാനം നിവേദനം ലേബര്‍ ഓഫീസര്‍ക്കു നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായും അടച്ചു പൂട്ടന്നുവെന്ന പറയുന്നില്ലെങ്കിലും അതിന്റെ സൂചനകള്‍ പറയാതെ പറയുന്നുണ്ട്.
Post Your Comments