കാഠ്‍മണ്ഡു : എട്ട് മലയാളി വിനോദസഞ്ചാരികള്‍ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് നേപ്പാള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്‍ചകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. റിസോര്‍ട്ട് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. എല്ലാ വാതിലുകളും ജനലുകളും പൂട്ടിയിരുന്നതായി ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. നാലു മുറികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും 8 പേരും ഒരു മുറിയിലാണ് താമസിച്ചതെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഞായറാഴ്‍ചയാണ് നേപ്പാള്‍ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്. മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുറിയില്‍ ഇലക്‌ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികള്‍ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ മൊഴി.
എന്നാൽ റിസോര്‍ട്ടില്‍ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നല്‍കുന്നില്ലെന്നും റിസോര്‍ട്ട് എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ചില വിനോദ സഞ്ചാര ബുക്കിംഗ് സൈറ്റുകളില്‍ ഈ റിസോര്‍ട്ടിന്റെ ഹീറ്റര്‍ സംവിധാനത്തെക്കുറിച്ച് സന്ദര്‍ശകര്‍ പരാതി രേഖപ്പെടുത്തിയിട്ടുമുണ്ട്.1981-ലെ ഹോട്ടല്‍, ലോഡ്‍ജ്, റസ്റ്റോറന്റ്, ടൂറിസ്റ്റ് ഗൈഡ് ചട്ടമനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കി മൂന്ന് മാസത്തിന് ശേഷം റിസോര്‍ട്ട് തുറക്കാമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.കേരളത്തില്‍ നിന്നു വിനോദസഞ്ചാരത്തിന് എത്തിയ 15 അംഗ സംഘമായിരുന്നു പനോരമയില്‍ താമസിച്ചിരുന്നത്.
ഇവരില്‍ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളടക്കം എട്ടുപേരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34 ) തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത് കുമാര്‍ ടി.ബി (39) ഭാര്യ ഇന്ദു രഞ്ജിത് (34) ഇവരുടെ മക്കളായ ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.സാംസ്‍കാരിക, വിനോദസഞ്ചാര, സിവില്‍ ഏവിയേഷന്‍ വകുപ്പുകള്‍ ചേര്‍ന്നാണ് അന്വേഷണസമിതി രൂപവത്കരിച്ചത്. വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ സുരേന്ദ്ര ഥാപയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Post Your Comments