കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്.
മുന്നിലെ ആംബുലന്‍സില്‍ പ്രവീണ്‍കുമാറിന്റെ ശരീരമാണ് കയറ്റിയത്. പിന്നിലെ മൂന്ന് ആംബുലന്‍സുകളില്‍ മക്കളുടെയും ഏറ്റവും പിന്നിലെ ആംബുലന്‍സില്‍ ശരണ്യയുടെയും മൃതദേഹങ്ങള്‍ കയറ്റി. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. എം.വിന്‍സെന്റ് എം.എല്‍.എ., കളക്ടര്‍ കെ.ഗോപാലകൃഷ്ണന്, മേയര്‍ കെ.ശ്രീകുമാര്‍, തഹസില്‍ദാര്‍ ജി.കെ.സുരേഷ് കുമാര്‍, നോര്‍ക്ക റൂട്സ് പി.ആര്.ഒ. ഡോ. വേണുഗോപാല്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പ്രോട്ടോക്കോള്‍ ഓഫീസര്‍ സി.വി.സിയാന് റേ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനു നേതൃത്വം നല്കി. ജില്ലാ ഭരണകൂടവും നോര്‍ക്ക റൂട്ട്സുമാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തത്.
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള കുഴിമാടങ്ങള്‍ തയാറാക്കി. മൂന്ന് കുഴിമാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കും. മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച (7), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു കുഴിമാടത്തില്‍ പെട്ടിയിലാക്കി സംസ്കരിക്കും. പ്രവീണിന്റെ യും ശരണ്യയുടെയും കുഴിമാടത്തിന് മധ്യഭാഗത്തായാണ് മക്കളുടെ കുഴിമാടം ഒരുക്കിയിരിക്കുന്നത്.മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കഴിഞ്ഞ മൂന്ന് ദിവസമായി രോഹിണി ഭവനില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ എത്തിക്കുന്നതും കാത്ത് ചേങ്കോട്ടുകോണം, അയ്യന്‍കോയിക്കല്‍ പ്രദേശവാസികളും പ്രവീണിന്റെ ബന്ധുക്കളും കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.
Post Your Comments