മലപ്പുറം: കൊണ്ടോട്ടിയില്‍ 71 കാരി കഞ്ചാവ് കടത്ത് കേസില്‍ എക്‌സൈസ് പിടിയില്‍. പാലക്കാട് ജില്ലയില്‍ വടക്കുന്തറ, ചുണ്ണാമ്പുതറ വീട്ടില്‍ നൂര്‍ജഹാന്‍, തിരുരങ്ങാടി താലൂക്കില്‍ വേങ്ങര വില്ലേജില്‍ ചെളടയില്‍ ദേശത്ത് പുത്തന്‍ പീടിയേക്കല്‍ മറ്റാനത്ത് വീട്ടില്‍ കുട്ടിഹസ്സന്‍ മകന്‍ റാഫി എന്നിവരെ മലപ്പുറം എക്‌സൈസ് സംഘം ആണ് പിടികൂടിയത്. രണ്ടു പേരില്‍ നിന്നുമായി 5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കൊണ്ടോട്ടിയില്‍ ചെറുകാവ് വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ആണ് ഓട്ടോയില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവു പിടികൂടിയത്. നൂര്‍ജഹാന്‍ ആണ് തമിഴ്‌നാട്ടില്‍ നിന്നും ഇടനിലക്കാരിയായി കഞ്ചാവ് കൊണ്ടുവന്നത്. ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരി എന്ന വ്യാജേന ഓട്ടോയില്‍ കൊണ്ടുവരികയായിരുന്നു. ഇവര്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി ആയിരുന്നു എന്ന് എക്‌സൈസ് പറയുന്നു. നൂര്‍ജഹാന്‍ കഞ്ചാവ് കൊണ്ട് വരും, റാഫി അത് വിതരണം ചെയ്യും, ഇതാണ് രീതി.
കോഴിക്കോട് ജയിലില്‍ വച്ചാണ് നൂര്‍ജഹാനെ റാഫി പരിചയപ്പെടുന്നത്. തിരൂരില്‍ 2016 ല്‍ 2 കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ നൂര്‍ജഹാന്‍ ജാമ്യത്തില്‍ ഇറങ്ങി റാഫിയുമായി ചേര്‍ന്ന് കൂട്ടുകച്ചവടം ആരംഭിക്കുകയായിരുന്നു. കൊണ്ടോട്ടിയിലും പരിസരത്തും രാമനാട്ടുകരയിലും ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍ പഴകച്ചവടം നടത്തുന്നതിന്റെ മറവിലാണ് റാഫി കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കഞ്ചാവ് സംഘത്തിന്റെ പ്രധാന കണ്ണികളാണ് റാഫിയും നൂര്‍ജഹാനും.
പരിയമ്പലത്തുള്ള വാടക വീട്ടിലാണ് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ഇവര്‍ സൂക്ഷിച്ചു വരുന്നത്. നൂര്‍ജഹാനെ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കടത്തുന്ന കഞ്ചാവ്, 2 കിലോഗ്രാം അടങ്ങുന്ന ഒരു പാര്‍സലിന് 6000 രൂപ നല്‍കി കൊണ്ട് വന്ന് 30000 രൂപക്ക് ഇട നിലക്കാര്‍ക്ക് നല്‍കും. ഇത് ചില്ലറ വിപണിയില്‍ വിദ്യാര്‍ത്ഥികളിലും മറ്റും എത്തുമ്പോള്‍ 5 ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും.
റാഫി കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്ന് അപ്പീലില്‍ പുറത്ത് ഇറങ്ങിയതാണ്. നൂര്‍ജഹാന്‍ നാല് വര്‍ഷം മുന്‍പ് 6 കിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു. ഇവര്‍ ഇതിന് മുന്‍പും നിരവധി കേസുകളില്‍ പിടിക്കപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവരില്‍ നിന്നും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 25,750 രൂപയും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും എക്‌സസൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
Post Your Comments