ലഖ്നൗ: കല്യാണം കഴിഞ്ഞ് നവവധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ ദുരൂഹസാഹചര്യത്തില്‍ നവവരനെ കാണാതായി; പിന്നെ കണ്ടത് മരിച്ച നിലയില്‍ . വിവാഹം നടന്നത് ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചായുരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ ദുഷ്യന്ത് ഗിരി(22)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ചയായിയിരുന്നു ദുഷ്യന്തും ബരേലി സ്വദേശിയായ ആശയും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ദിവസം വധുവിനെയും കൂട്ടി വരനും കൂട്ടരും ദുഷ്യന്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി കയറിയപ്പോഴാണ് ദുഷ്യന്തിനെ കാണാതായത്.
ചായ ഓര്‍ഡര്‍ ചെയ്തതിന് ശേഷം ദുഷ്യന്തിനെ പെട്ടെന്ന് കാണാതായെന്നാണ് സഹോദരന്‍ ശിവ്യന്ത് പറഞ്ഞത്. ആശയെ വീട്ടിലേക്ക് അയച്ച ശേഷം ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭക്ഷണശാലയ്ക്ക് രണ്ട് കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹദിവസവും പിറ്റേന്നും വളരെ സന്തോഷവാനായിരുന്ന ദുഷ്യന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്ന് ഭാര്യ ആശ പറഞ്ഞു.
അതേസമയം, ആശയുടെ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് എതിര്‍പ്പറിയിക്കുകയും പോലീസ് നടപടി വേണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പോലീസിന് സംശയത്തിനിടയാക്കിയിട്ടുണ്ട്. ദുഷ്യന്ത്-ആശ വിവാഹത്തിന് ഇരുവരുടെയും ബന്ധുക്കള്‍ക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിക്കുമെന്ന തീരുമാനത്തില്‍ ഇവര് ഉറച്ചുനിന്നതോടെ വീട്ടുകാരും ബന്ധുക്കളും സമ്മതിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments