KeralaLatest NewsNews

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്: കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര്‍ നിരീക്ഷണത്തില്‍; 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2431 പേര്‍ വീടുകളിലും 24പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 389 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 354 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറേക്ടറില്‍ നടന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തി. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള പരിഷ്‌കരിച്ച മാര്‍ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 1040 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 3264 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button