Latest NewsKeralaNews

സെബാസ്റ്റ്യന്‍ പോളിനു നേരെ ട്രെയിനില്‍ കൈയ്യേറ്റ ശ്രമം; കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: എറണാകുളം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയിൽ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവാണ്‌ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസിലായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അഭിരാജിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലേക്ക് വന്ന ട്രെയിനില്‍ തിരുവനന്തപുരത്ത് പോകാന്‍ വേണ്ടിയാണ് എറണാകുളത്തു നിന്ന് സെബാസ്റ്റ്യന്‍ പോള്‍ കയറിയത്. എന്നാല്‍ എ.സി കോച്ചില്‍ സമീപത്തിരുന്ന യുവാവ് ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സെബാസ്റ്റ്യന്‍ പോള്‍ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി അഭിരാജിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കൈവശമുണ്ടെന്ന് യുവാവ്‌ സമ്മതിച്ചത്.

സെബാസ്റ്റ്യൻ പോൾ ട്രെയിനിൽ കയറിയതു മുതല്‍ യുവാവ് അസ്വാഭാവികമായി പെരുമാറുകയായിരുന്നു. തുറിച്ചു നോക്കുകയും, ഇടിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ മാത്രമാണ് കോച്ചില്‍ ഉണ്ടായിരുന്നത്. മുകളിലെ ബെര്‍ത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ കിടക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ട്ടണ്‍ വലിച്ചു മാറ്റി ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യന്‍ പോള്‍ പരാതി നല്‍കിയത്.

ഉടന്‍ തന്നെ ട്രെയിനിലുണ്ടായിരുന്ന ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇന്‍സ്പെക്ടര്‍ അനില്‍ ജി നായര്‍ എത്തി അഭിരാജിനോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ കൈവശമില്ലെന്നായിരുന്നു മറുപടി. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് റെയില്‍വേ പൊലീസിനെ വിളിച്ചു വരുത്തി ഇയാളെ കൈമാറിയത്.

പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി മൂന്നു പൊതികളില്‍ കഞ്ചാവ് കണ്ടെടുത്തത്. ലഹരി വസ്തുക്കള്‍ മണത്ത് കണ്ടെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജാക്ക് എന്ന നായയാണ് ട്രെയിനില്‍ വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന ബാഗുകള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button