ന്യൂഡൽഹി: കെജ്‌രിവാളിന്റെ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്ന് പാക് മീഡിയ പ്രചരിപ്പിക്കുമ്പോൾ ലോകം ആ യഥാർത്ഥ സത്യം മനസ്സിലാക്കി. ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി ലക്ഷ്യം വെച്ചത് കോൺഗ്രസ് മുക്ത തലസ്ഥാനമായിരുന്നു. കോൺഗ്രസിന് ഇതുപോലൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചില്ല.
സർക്കാരിനെ അഞ്ചുവർഷം നയിച്ചതിനേക്കാൾ രാഷ്ട്രീയ മികവോടെ ആം ആദ്‌മി പാർട്ടിയെ അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ നയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി പ്രചാരണത്തിന് തുടക്കമിട്ടത് ഭരണനേട്ടങ്ങൾ ഉയർത്തികാട്ടി കൊണ്ടാണ്. അതു മാത്രമായിരുന്നു ആം ആദ്‌മി പാർട്ടിയുടെ പ്രചാരണമന്ത്രം. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കിയ വികസനം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടം. കുടിവെള്ളം സൗജന്യമാക്കിയത്. വൈദ്യുതി ചാർജ് കുറച്ചത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയത്. ഇങ്ങനെ നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ നിരത്തി കെജ്‌രിവാൾ.
സ്വയം പരാജയപ്പെട്ട് സംപൂജ്യരായെങ്കിലും കോൺഗ്രസ് രണ്ട് മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിച്ചു. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളില്‍ കോൺഗ്രസിന്‍റെ സഹായം ലഭിച്ചെങ്കിൽ ഇത്തവണ രണ്ടിൽ മാത്രമായി ചുരുങ്ങി. പോസ്റ്ററോട്ടിച്ചാൽ ജനം തിരിച്ചറിയുന്ന നേതാക്കൾ കോൺഗ്രസിന് അധികമുണ്ടായിരുന്നില്ല എന്നതാണ് കാരണം. സഖ്യകക്ഷിയായ ആർജെഡിക്ക് വിട്ടു നൽകിയ നാലു സീറ്റുകളൊഴിച്ച് മറ്റെല്ലാ സീറ്റിലും കോൺഗ്രസിന് സ്ഥാനാർത്ഥിയുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരൊഴിച്ച് മറ്റെല്ലാവർക്കും കെട്ടിവെച്ച കാശു പോയി.
കോൺഗ്രസിന്‍റെ 63 സ്ഥാനാർത്ഥികൾക്കാണ് കെട്ടിവെച്ച കാശു പോയത്. ആ കാശു തിരിച്ചുപിടിച്ച മൂന്ന് പേരിൽ മുൻ പിസിസി പ്രസിഡന്‍റ് അർവിന്ദ് സിങ് ലവ്ലിയാണ് ബിജെപിക്ക് ഒരു സീറ്റ് സമ്മാനിച്ചത്. ഗാന്ധിനഗറിൽ ലവ്ലി ഇരുപതിനായിരത്തിലധികം വോട്ട് പിടിച്ചു. ഇവിടെ ആംആദ്‌മി സ്ഥാനാർത്ഥിയെ ബിജെപി തറപറ്റിച്ചത് 5798 വോട്ടിനാണ്. ഇങ്ങനെ ബിജെപിയെ സഹായിച്ച രണ്ടാമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ലക്ഷ്മി നഗറിൽ മത്സരിച്ച ഹരിദത്ത് ശർമയാണ്. ശർമ പിടിച്ചത് 4872 വോട്ട്. ലക്ഷ്മി നഗറിൽ ബിജെപി വിജയിച്ചത് ആയിരത്തിൽ താഴെ വോട്ടിനും. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഏക സംഭാവന ഇതാണ്. വോട്ട് ശതമാനം 4.26 ആയി.
ലോകസഭ തെരഞ്ഞെടുപ്പിൽ 22.5 ഉം 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 9.8 ശതമാനവുമായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഡൽഹിയുടെ ചുമതലയിൽ നിന്ന് രാജി പ്രഖ്യാപിച്ച പി.സി.ചാക്കോയ്ക്ക് വീണ്ടും ആ പ്രഖ്യാപനം നടത്താൻ അവസരമൊരുങ്ങി. പിസിസി പ്രസിഡന്‍റ് സുഭാഷ് ചോപ്രയ്ക്കും വേണമെങ്കിൽ അത്തരമൊരു പ്രഖ്യാപനം നടത്താം. അതിൻമേൽ ഹൈക്കമാൻഡിന് അടുത്ത തെരഞ്ഞെടുപ്പ് വരെ ആലോചനയും നടത്താം. അതല്ലാതെ തൽക്കാലം ഒന്നും ചെയ്യാനില്ല. അത്രയ്ക്ക് അകന്നിരിക്കുന്നു കോൺഗ്രസ് ഡൽഹിയിൽ നിന്ന്.
Post Your Comments