![](/wp-content/uploads/2020/02/CAB.jpg)
കാബേജും കോളിഫ്‌ലവറുമൊക്കെ തോരനോ മെഴുക്കുപുരട്ടിയോ ആയി കഴിച്ചുനോക്കൂ. ഭാവിയില്‍ പിടിപെട്ടേക്കാവുന്ന കരള്‍രോഗങ്ങളില്‍നിന്ന് നിങ്ങളെ ഒരു പരിധി വരെ രക്ഷപ്പെടുത്താന്‍ ഇവയ്ക്കു രണ്ടിനും സാധിക്കുമത്രേ. ഹൂസ്റ്റണിലെ ഹെപ്പറ്റോളജി എന്ന മെഡിക്കല്‍ ജേണലില്‍ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്.
കരള്‍സംബന്ധമായ രോഗങ്ങളുടെ നിരക്ക് വര്‍ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. മിക്ക കേസുകളിലും മദ്യപാനം ഒരു പ്രധാന കാരണമായി കണ്ടുവരാറുണ്ടെങ്കിലും മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗങ്ങളും ഇന്ന് താരതമ്യേന ഉയര്‍ന്ന നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) എന്നാണ് ഇവയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഇത്തരം രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ്, കോളിഫ്‌ലവര്‍ എന്നിവ രോഗനിയന്ത്രണത്തിനു സഹായിക്കുന്നുണ്ടത്രേ. ഇവ രണ്ടിലും അടങ്ങിയ ഇന്‍ഡോള്‍ എന്ന ഘടകമാണ് കരളിനു വേണ്ട സംരക്ഷണം ഉറപ്പാക്കുന്നത്.
അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം ആവശ്യത്തിലേറെ കഴിക്കുന്നവര്‍ക്കാണ് സാധാരണ ഫാറ്റി ലിവര്‍ എന്ന ആരോഗ്യ പ്രശ്‌നം കണ്ടുവരാറുള്ളത്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സ തുടങ്ങുകയും ഭക്ഷണക്രമത്തില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്താല്‍ ഫാറ്റി ലിവര്‍ ഗുരുതരമാകാതെ സുഖപ്പെടുത്താവുന്നതാണ്. എന്നാല്‍ പിന്നീടും അനാരോഗ്യകരമായ ആഹാരരീതി തുടര്‍ന്നാല്‍ ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാകുകയും സങ്കീര്‍ണമായ കരള്‍രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കില്‍ ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരെ വന്നേക്കാം.
കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയവയില്‍ അടങ്ങിയ ഇന്‍ഡോള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതിനു പോലും സഹായകമായേക്കാമെന്നതു സംബന്ധിച്ച പഠനങ്ങള്‍ യുഎസ് നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുകയാണ്. ചുരുക്കത്തില്‍ കാബേജും കോളിഫ്‌ലവറും തോരന്‍ വച്ചു കഴിച്ചാല്‍ പല ഗുണങ്ങളും ഉണ്ടെന്നു സാരം.<br />
<
Post Your Comments