കോഴിക്കോട്: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ആറു വയസ്സുകാരന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു കുട്ടികള്‍ക്കെതിരെ പൊലീസ് കൊലകുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തത്.
തലക്കേറ്റ പരുക്കാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാത്രിയില്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ മര്‍ദനമേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം പതിനെട്ടുവയസുള്ള ആളെ പാര്‍പ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെനാണ് ആരോപണം. ഇതിനിടയില്‍ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടനെ സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
അതേസമയം, ഇവരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കുട്ടികളുടെ മാനസിക നിലയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വാങ്ങും. തുടര്‍ന്ന് നിയമോപദശം തേടിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. അതേസമയം, സ്ഥാപനത്തില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
Post Your Comments