തിരുവഞ്ചൂര്‍: നിശ്ചയിച്ചിട്ടും പണമില്ലാത്തതിനാല്‍ വിവാഹം നടക്കാതെ വന്ന യുവതിയുടെ വിവാഹം ഭാഗവത സപ്താഹയജ്ഞവേദിയില്‍ നടത്തി ക്ഷേത്രഭാരവാഹികളും ഭാഗവത സപ്താഹയജ്ഞ കമ്മിറ്റിക്കാരും. തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹവേദിയിലാണ് ഇന്നലെ കതിര്‍മണ്ഡപം ഒരുക്കിയത്. തിരുവഞ്ചൂര്‍ സ്വദേശിനി രമ്യയും ളാക്കാട്ടൂര്‍ സ്വദേശി ശാലുവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്.
വിവാഹം തീരുമാനിച്ചിട്ട് നാളുകളായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോകുകയായിരുന്നു. ഇതറിഞ്ഞ ക്ഷേത്രഭാരവാഹികള്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയും വധുവിന്റെ വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. ക്ഷേത്രഭാരവാഹികളുടെ വാഗ്ദാനം സ്വീകരിച്ച വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഭാഗവത സപ്താഹയജ്ഞവേദിയില്‍ ഇന്നലെ 11. 45നും 12.28നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നു.
വിവാഹത്തിന് ആവശ്യമായ സ്വര്‍ണ്ണവും വസ്ത്രവും സദ്യയും ക്ഷേത്രഭാരവാഹികള്‍ നല്‍കി. രമ്യ ബിരുദാനന്തരബിരുദ ധാരിയാണ്. ക്ഷേത്രഭാഗവാഹികളായ എന്‍.ആര്‍. രാജശേഖരന്‍ നായര്‍, ശശി ആതിര, സതീഷ് കളത്തില്‍, സുനില്‍കുമാര്‍ കീരനാട്ട്, മനോജ് പുലിയപ്ര, ഗണേഷ് ബാബു വടക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.വി.ഹരിദാസ്
Post Your Comments