തിരുവനന്തപുരം•ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ സംസ്ഥാനതല പ്രഖ്യാപനം ഈ മാസം 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും. സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിഹിതനായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ലൈഫ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ 37693 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. മുഴുവൻ പേരേയും സംഗമത്തിൽ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ജനറൽ കൺവീനറായും ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് കൺവീനറായി ജനറൽ കമ്മിറ്റിയും ഒമ്പത് സബ് കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് 13ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഗുണഭോക്താക്കളുടെ കുടുംബസംഗമം വിപുലമായി നടത്തിയിരുന്നു. തിരുവനന്തപുരത്ത് 500 ഗുണഭോക്താക്കൾ വരെയുള്ള പഞ്ചായത്തുകളുണ്ട്. സംസ്ഥാനതല പരിപാടിയുടെ ഭാഗമായി കലാപരിപാടികളുമുണ്ടാവും. മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ലൈഫ് മിഷൻ സി. ഇ. ഒ യു. വി. ജോസ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Post Your Comments