KeralaLatest NewsNews

ഭയത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ട്ടൂണിസ്റ്റിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ഭയത്തിന്റേതാണെന്ന് മുന്‍ എം.പി. സെബാസ്റ്റിയന്‍ പോള്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘വരയും വിലക്കും കാര്‍ട്ടൂണിന്റെ കാണാപ്പുറങ്ങള്‍, കാര്‍ട്ടൂണ്‍ കണ്ണിലൂടെ’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ട്ടൂണിസ്റ്റിന് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അടിയന്തരാവസ്ഥ പ്ര്യഖ്യാപിച്ചിട്ടില്ല. പക്ഷേ അടിയന്തരാവസ്ഥാ കാലത്തേതിനേക്കാള്‍ ഭീകരമായ നിയമങ്ങള്‍ രാഷ്ടപതി ഒപ്പുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ പങ്കുവയ്ക്കുന്നത് കുറ്റകൃത്യമാവുന്ന കാലമാണിത്. കാര്‍ട്ടൂണുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീരുമാനം പോലീസിന്റെ കയ്യിലാവുകയാണ്. കാര്‍ട്ടൂണ്‍പോലുള്ള വിമര്‍ശനങ്ങളുമായി ഒത്തുപോവുന്നതല്ല പോലിസിന്റെ മനസ്. വിമര്‍ശനം അവര്‍ അംഗീകരിക്കുന്നില്ല. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണിയാവുന്നത് പോലീസാണ്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുനിമിഷം ഇല്ലാതാവുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ചിന്തയുടെ സ്വാതന്ത്യവും അത് ആവിഷ്‌കരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഹിനിക്കപ്പെടുന്നു. പ്രതിഷേധിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുന്നു.
കാര്‍ട്ടൂണിസ്റ്റിന് വേണ്ടത് നിര്‍ഭയം ബ്രഷ് ചലിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റിന് ആ സ്വാതന്ത്യമില്ല.

കാര്‍ട്ടൂണിനേക്കാള്‍ മികച്ച ആശയങ്ങള്‍ ട്രോളിലൂടെയും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാലമാണിത്. ഈ കാലത്ത് കാര്‍ട്ടൂണിന്റെ പ്രസക്തിയെന്തെന്നും അച്ചടി ഇല്ലാതാകുമ്പോള്‍ അതിനെ ആശ്രയിച്ച് നില്‍ക്കുന്ന കാര്‍ട്ടൂണിന്റെ ഗതി എന്ത് എന്നും ചോദ്യമുയരുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയുടെ ഭീഷണിക്കുപരി മറ്റ് സാമൂഹിക ഭീഷണികളാണ് കാര്‍ട്ടൂണിന് വെല്ലുവിളിയുയര്‍ത്തുന്നത്. ഹാസ്യത്തിലൂടെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരേ കാലാകാലങ്ങളായി വിദ്വേഷം ഉയര്‍ന്നിരുന്നു. വിമര്‍ശനം വിശാല മനസ്സോടെ സ്വീകരിക്കപ്പെടുന്നില്ല. 21-ാം നൂറ്റാണ്ടിലും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ജനാധിപത്യ വിശ്വാസികള്‍ എന്ന് പറയുന്നവരില്‍ നിന്നും കാര്‍ട്ടൂണിസ്റ്റുകള്‍ ഭീഷണി നേരിട്ടിരുന്നു. അസ്വീകാര്യമായ ആശയം ആവിഷ്‌കരിക്കുന്നതില്‍ കാര്‍ട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. എഴുതാനും പറയാനും കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന തന്നെ മൗലികാവകാശമാക്കിയിട്ടുള്ളതാണെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ വിശദമാക്കി.

സമീപകാലത്ത് തന്റെ ശ്രദ്ധയില്‍ നില്‍ക്കുന്ന കാര്‍ട്ടൂണുകളൊന്നും കണ്ടിട്ടില്ലെന്ന് ചര്‍ച്ചയില്‍ സംസാരിച്ച മാധ്യമ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ കാര്‍ട്ടൂണുകളുടെ നിലവാരം കുറഞ്ഞുവെന്നും അതിന് കാരണം മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള നിയന്ത്രണങ്ങളടക്കമുള്ള കാര്യങ്ങളാണെന്നും ജയശങ്കര്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് നിഷേധിച്ച സംഭവത്തെക്കുറിച്ച് വിവാദത്തിലായ കാര്‍ട്ടൂണിന് നിലവാരമുള്ളതായി തോന്നുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ആ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയവര്‍ക്ക് ചങ്കൂറ്റത്തിനുള്ള പുരസ്‌കാരം നല്‍കണമെന്നും ജയശങ്കര്‍ പറഞ്ഞു.

പുരസ്‌കാരം പ്രഖ്യാപിച്ചിട്ട് അത് നല്‍കാതിരിക്കുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്ന് ലളിത കലാ അക്കാദമി അവാര്‍ഡ് വിവാദത്തെക്കുറിച്ച് കാര്‍ട്ടൂണ്‍ അക്കാദമി പ്രസിഡന്റും കാര്‍ട്ടൂണിസ്റ്റുമായ ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

കാര്‍ട്ടൂണ്‍ ഒരു വലിയ പ്രതിസന്ധിയിലാണ്. യോജിപ്പുള്ള കാര്‍ട്ടൂണിന് കയ്യടിക്കുന്നവര്‍ യോജിപ്പില്ലാത്തതിനെതിരേ കല്ലെറിയുകയും ആക്രമണം നടത്തുകയുമാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം ഇവിടെയുണ്ടെന്നും അധികാരത്തിനൊപ്പം വരുന്നതാണ് അസഹിഷ്ണുതയെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ട്ടൂണ്‍ രംഗത്ത് വിലക്കുകള്‍ നിലനില്‍ക്കുന്ന കാലഘട്ടമാണിതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ബാബു ജോസഫ് അഭിപ്രായപ്പെട്ടു. ട്രോളുകളുമായി കാര്‍ട്ടൂണുകള്‍ മത്സരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button