ന്യൂഡൽഹി : ഷഹീൻ ബാഗ് സമരക്കാരെ വിമർശിച്ച് സുപ്രീം കോടതി. പൗരത്വ വിരുദ്ധ പ്രതിഷേധത്തിനിടെ നാലു മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും കോടതി നോട്ടിസ് അയച്ചു. നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാൻ പോകുമോയെന്നു കോടതി അഭിഭാഷകരോടു ചോദിച്ചു.
ധീരതയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച 12 വയസ്സുകാരി സെൻ ഗുൻരതൻ സദവർതെ, കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തെയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദ്യം ഉന്നയിച്ചത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് 2019 ഡിസംബർ 15 നു ഷഹീൻ ബാഗിൽ പത്ത് സ്ത്രീകൾ ചേർന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സമരത്തിന് എത്തുകയായിരുന്നു.
മാതാപിതാക്കൾക്കൊപ്പമാണ് മുഹമ്മദ് ജഹാൻ എന്ന കുട്ടി പ്രതിഷേധത്തിന് എത്തിയിരുന്നത്. ഡൽഹിയിൽ കനത്ത തണുപ്പ് തുടരുന്നതിനിടെയായിരുന്നു കുട്ടി അസുഖം ബാധിച്ചു മരിച്ചത്.
Post Your Comments