Latest NewsIndiaNews

പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമാകുന്നതിനെതിരെ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനെതിരേ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഉത്തരേന്ത്യയില്‍ കാവടിയാത്രക്കാര്‍ നടത്തിയ അക്രമസംഭവങ്ങള്‍ അറ്റോര്‍ണി ജനറല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമാകുന്നതിലും വ്യാപകമായി നാശനഷ്ടമുണ്ടാക്കുന്നതിലുമാണ് സുപ്രീംകോടതിയുടെ എതിര്‍പ്പ്. ഇക്കാര്യത്തില്‍ നിയമഭേദഗതിക്ക് സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്കി. രാജ്യത്ത് സമാധാനപരമായ പ്രകടനങ്ങള്‍ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച 2009-ലെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തിന്റെ ഒരുഭാഗത്ത്, അല്ലെങ്കില്‍ മറ്റൊരിടത്ത് ഓരോ ആഴ്ചയിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

”ഡല്‍ഹിയില്‍ കാവടിയാത്രക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാഹനങ്ങള്‍ തകര്‍ത്തു. ‘പദ്മാവത്’ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു നടിയുടെ മൂക്ക് മുറിക്കുമെന്ന് ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും കേസെടുത്തില്ല. മഹാരാഷ്ട്രയിലെ മറാഠാ പ്രക്ഷോഭം, എസ്.സി., എസ്.ടി. വിധിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധം എന്നിവയിലെല്ലാം വ്യാപകമായി അക്രമങ്ങളുണ്ടായി’- അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഇതിനെന്താണ് പരിഹാരമെന്ന് കോടതി ആരാഞ്ഞപ്പോള്‍ എസ്.പി. യെപ്പോലുള്ള ഉദ്യോഗസ്ഥരില്‍ അതിന്റെ ഉത്തരവാദിത്വം ചുമത്തണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ നടപടിക്കായി കാത്തിരിക്കില്ലെന്നും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button