കൊച്ചി : ഗുണ്ടാ നേതാവിനെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി) യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍. നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പി.കെ. അനസിനെ (അന്‍സീര്‍) തെരഞ്ഞെടുക്കപ്പെട്ടതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെ ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യമാണുയരുന്നത്. സംസ്ഥാന അധ്യക്ഷന്‍ എം. മെഹബൂബിന്റെ ശിപാര്‍ശപ്രകാരമാണ് അന്‍സീറിനെ ദേശീയ അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍ പാര്‍ട്ടിയിലേക്ക് വരവേറ്റത്. അന്‍സീറിന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ചുകൊണ്ടാണ് നിയമനം നേടിയതെന്നാണ് എല്‍.ജെ.പിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
പി.കെ. അനസിന് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തെയും ചൊല്ലി പാര്‍ട്ടി കുരുക്കിലാണിപ്പോള്‍. ഗുണ്ടാ നേതാവിനെ വാദ്യമേളങ്ങളോടെയും പുഷ്പഹാരങ്ങളും അണിയിച്ച് ആനയിച്ചതെന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി കേരള ഘടകം വെട്ടിലാക്കിയിരിക്കുകയാണ്. നെടുമ്പാശേരിയില്‍ സ്വീകരിക്കാന്‍ എം. മെഹബൂബിനെക്കൂടാതെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എച്ച്. രാമചന്ദ്രന്‍, സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍ തുടങ്ങി നിരവധി നേതാക്കളുംപ്രവര്‍ത്തകരും എത്തിയിരുന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണു അന്‍സീറിനെ പെരുമ്പാവൂരിലേക്ക് നയിച്ചത്. അനുവാദംകൂടാതെ വിമാനത്താവളത്തില്‍ മൈക്ക് സെറ്റ് ഉപയോഗിച്ചതിനെതിരേ നെടുമ്പാശേരി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ആഡംബര കാറുകളില്‍ ആയുധങ്ങളുമായി അംഗരക്ഷകര്‍ക്കൊപ്പം കറങ്ങാറുള്ള അന്‍സീര്‍ പോലീസിന്റെ നോട്ടപുള്ളിയാണ്. പോലീസിനെ വെല്ലുവിളിക്കുംവിധമാണ് ഇയാള്‍ക്ക് നെടുമ്ബാശേരിയില്‍ സ്വീകരണമൊരുക്കിയത്. കാപ്പ നിയമപ്രകാരമുള്ള നാലുമാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ നവംബറിലാണ് അന്‍സീര്‍ കണ്ണൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.ഗുണ്ടാ നിയമപ്രകാരമുള്ള കേസുകളില്‍ ജാമ്യത്തിലുമാണ്. അനുയായിയായ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments