![](/wp-content/uploads/2020/02/sharad.jpg)
മുംബൈ : എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനു വധഭീഷണിയെന്നു കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ പുണെ ശിവാജി നഗര്‍ പൊലീസിലും സൈബര്‍ സെല്ലിനും പരാതി നല്‍കി. പ്രാദേശിക നേതാവായ ലക്ഷ്മികാന്ത് കഭിയയാണു പരാതി നല്‍കിയത്. പവാറിനെ വധിച്ച് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ശരദ് ക്രീഡ സന്‍സ്‌കൃതിക് പ്രതിഷ്ഠാന്‍ എന്ന സന്നദ്ധ സംഘടനയ്ക്കു നേതൃത്വം നല്‍കുന്ന ലക്ഷ്മികാന്ത് പരാതിയില്‍ ആരോപിക്കുന്നു.
പവാറിനെതിരെ യൂ ട്യൂബില്‍ പ്രചരിക്കുന്ന വിഡിയോകള്‍ എടുത്തു കാട്ടിയും അവയ്ക്കു താഴെയുള്ള കമന്റുകള്‍ സഹിതവുമാണു പരാതി കൈമാറിയിരിക്കുന്നത്. പവാറിനെതിരെ ചിലര്‍ അപ്ലോഡ് ചെയ്തിട്ടുള്ള വിഡിയോകളുടെ താഴെ അദ്ദേഹത്തെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനും, വധിക്കാനും മറ്റും പലരും കമന്റ് എഴുതിയിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ സഹിതമാണു പരാതി താന്‍ കൈമാറിയതെന്നും ലക്ഷ്മികാന്ത് പറഞ്ഞു.
ഭീമ-കൊറേഗാവ് കേസില്‍ മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു പവാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ പവാറിനു നേരെ ആക്രമണത്തിനു ഗൂഢാലോചന നടക്കുന്നതായി ലക്ഷ്മികാന്ത് പറഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തുന്നതിനു മുന്‍പും സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കു സമാന ഭീഷണികള്‍ ഉണ്ടായിരുന്നെന്നും അവകാശപ്പെട്ടു.
Post Your Comments